റിയാദ് - സൗദി, ഖത്തര്‍ അതിര്‍ത്തിയിലെ സല്‍വാ പോസ്റ്റിലെ പാര്‍ക്കിംഗുകളില്‍ 96 മണിക്കൂറില്‍ കൂടുതല്‍ നേരം നിര്‍ത്തിയിടുന്ന കാറുകളുടെ ഉടമകള്‍ക്ക് പിഴകള്‍ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇത്തരം കാറുകള്‍ പാര്‍ക്കിംഗില്‍ നിന്ന് നീക്കം ചെയ്യും. പരിമിതമായ പാര്‍ക്കിംഗുകളാണ് സല്‍വാ അതിര്‍ത്തി പോസ്റ്റിലുള്ളത്. ഇതും കൂടുതല്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവസരം നല്‍കാനും ശ്രമിച്ചാണ് സല്‍വാ പാര്‍ക്കിംഗില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സമയത്തിന് പരിധി നിശ്ചയിച്ചിരിക്കുന്നത്.
ലോകകപ്പ് വീക്ഷിക്കാന്‍ സല്‍വാ അതിര്‍ത്തി പോസ്റ്റ് വഴി ഖത്തറിലേക്ക് പോകുന്നവര്‍ കാര്‍ പാര്‍ക്കിംഗുകളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കണം. സൗദി, ഖത്തര്‍ അതിര്‍ത്തിയില്‍ ഖത്തറിന്റെ ഭാഗത്തുള്ള അബൂസംറ അതിര്‍ത്തി പോസ്റ്റിലും സൗജന്യ പാര്‍ക്കിംഗ് ലഭ്യമാണ്. ഹയ്യാ ആപ്പ് വഴി ഈ പാര്‍ക്കിംഗ് സേവനം ഫുട്‌ബോള്‍ ആരാധകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും പൊതുഗതാഗത അതോറിറ്റി പറഞ്ഞു.
ലോകകപ്പ് മത്സരങ്ങള്‍ വീക്ഷിക്കാന്‍ സല്‍വാ അതിര്‍ത്തി പോസ്റ്റ് വഴി ഖത്തറിലേക്ക് പോകുന്നവരുടെ യാത്ര എളുപ്പമാക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും സഹകരിച്ച് പൊതുഗതാഗത അതോറിറ്റി പ്രവര്‍ത്തിക്കുന്നതായി അതോറിറ്റി വക്താവ് സ്വാലിഹ് അല്‍സുവൈദ് പറഞ്ഞു. ഖത്തറിലേക്ക് പോകുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്കു വേണ്ടി സൗജന്യ ബസ് ഷട്ടില്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഈ സേവനം ആരംഭിച്ച ശേഷം ഇതുവരെ 750 ബസ് സര്‍വീസുകളില്‍ 20,000 ലേറെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് യാത്രാ സൗകര്യം നല്‍കിയിട്ടുണ്ട്. സൗജന്യ ഷട്ടില്‍ സര്‍വീസുകള്‍ക്ക് 55 ബസുകള്‍ നീക്കിവെച്ചിട്ടുണ്ട്. ഈ ബസുകളില്‍ യാത്ര തരപ്പെടുത്താന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യല്‍ നിര്‍ബന്ധമാണെന്നും സ്വാലിഹ് അല്‍സുവൈദ് പറഞ്ഞു.