കുവൈത്ത് സിറ്റി - ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് കുവൈത്തും ഫിലിപ്പൈൻസും കരാർ ഒപ്പുവെച്ചു. കുവൈത്ത് വിദേശ മന്ത്രി ശൈഖ് സ്വബാഹ് അൽഖാലിദ് അൽസ്വബാഹും ഫിലിപ്പൈൻസ് വിദേശമന്ത്രി അലൻ പീറ്റർ കയാറ്റനോയും ആണ് കരാറിൽ ഒപ്പുവെച്ചത്. ഗാർഹിക തൊഴിലാളി സംരക്ഷണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ അടുത്തിടെ ഉടലെടുത്ത തർക്കം കുവൈത്തിൽ ഫിലിപ്പിനോ തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തുന്നതിലേക്ക് നയിച്ചിരുന്നു.
ഫിലിപ്പിനോ വേലക്കാരി കൊല്ലപ്പെടുകയും മൃതദേഹം ഫ്രീസറിൽ കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് കുവൈത്തിലേക്ക് ഫിലിപ്പിനോ തൊഴിലാളികൾ പോകുന്നതിന് ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെർട്ട് ഫെബ്രുവരിയിൽ ഭാഗിക വിലക്കേർപ്പെടുത്തിയിരുന്നു. മോശം പെരുമാറ്റം ആരോപിച്ച് ജോലി ചെയ്യുന്ന വീടുകളിൽ നിന്ന് ഒളിച്ചോടുന്നതിന് ഫിലിപ്പിനോ വേലക്കാരികളെ ഫിലിപ്പൈൻസ് എംബസി ഉദ്യോഗസ്ഥർ സഹായിക്കുന്ന വീഡിയോ ക്ലിപ്പിംഗ് പുറത്തുവന്നതിനെ തുടർന്ന് ഏപ്രിലിൽ ഫിലിപ്പൈൻസ് അംബാസഡറെ കുവൈത്ത് പുറത്താക്കിയതും തങ്ങളുടെ അംബാസഡറെ മനിലയിൽ നിന്ന് തിരിച്ചുവിളിച്ചതും പ്രതിസന്ധി മൂർച്ഛിപ്പിച്ചു.
കുവൈത്തിലേക്കുള്ള പുതിയ അംബാസഡറെ ഉടൻ നിയമിക്കുമെന്നും കുവൈത്തിലേക്ക് ഫിലിപ്പിനോ തൊഴിലാളികൾ വരുന്നതിനുള്ള വിലക്ക് ഉടനടി എടുത്തുകളയുന്നതിന് പ്രസിഡന്റിനോട് ശുപാർശ ചെയ്യുമെന്നും അലൻ പീറ്റർ കയാറ്റനോ പറഞ്ഞു. പ്രതിസന്ധി അവസാനിച്ചതായി താൻ കരുതുന്നതായും കുവൈത്തുമായുള്ള സാധാരണ ബന്ധം തങ്ങൾ പുനരാരംഭിക്കുമെന്നും വിദേശ മന്ത്രിയെ അനുഗമിച്ച സംഘത്തിൽ പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. പുതിയ കരാർ ഫിലിപ്പിനോ തൊഴിലാളികൾക്ക് ഏതാനും അവകാശങ്ങൾ നൽകുന്നതായും ഉദ്യോഗസ്ഥൻ പറഞ്ഞു.
പാസ്‌പോർട്ടുകളും മൊബൈൽ ഫോണുകളും കൈവശം വെക്കുന്നതിന് ഫിലിപ്പിനോ തൊഴിലാളികളെ അനുവദിക്കുമെന്ന് കരാർ പറയുന്നു. കുവൈത്തിൽ സാധാരണയിൽ പാസ്‌പോർട്ടും മൊബൈൽ ഫോണുകളും തൊഴിലുടമകൾ പിടിച്ചെടുത്ത് കസ്റ്റഡിയിൽ സൂക്ഷിക്കുന്നതാണ് പതിവ്. തൊഴിൽ കരാറുകൾ ഓട്ടോമാറ്റിക് ആയി പുതുക്കുന്നതിനു പകരം കരാറുകൾ പുതുക്കുന്നതിന് ഫിലിപ്പൈൻ ഓവർസീസ് ലേബർ ഓഫീസിന്റെ അനുമതി വേണമെന്നും ഗാർഹിക തൊഴിലാളികൾക്ക് തൊഴിലുടമകൾ താമസവും ഭക്ഷണവും വസ്ത്രവും ആരോഗ്യ ഇൻഷുറൻസും ലഭ്യമാക്കണമെന്നും കരാർ അനുശാസിക്കുന്നു. കുവൈത്തിൽ 2,62,000 ഫിലിപ്പിനോകളാണ് ജോലി ചെയ്യുന്നത്. ഇതിൽ 60 ശതമാനവും ഗാർഹിക തൊഴിലാളികളാണ്. ആറു ഗൾഫ് രാജ്യങ്ങളിലുമായി ഇരുപതു ലക്ഷത്തിലേറെ ഫിലിപ്പിനോകൾ ജോലി ചെയ്യുന്നുണ്ട്.