കോഴിക്കോട്- ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് കെ മുരളീധരന്‍ എംപി. രമേശ് ചെന്നിത്തലയും കെ സുധാകരനും സ്ഥാനാര്‍ത്ഥികള്‍ ആകില്ലെന്നും മുരളീധരന്‍ പറഞ്ഞു. താന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ ആഗ്രഹിക്കുന്നെന്ന് അദ്ദേഹം കോഴിക്കോട് ഡിസിസിയുടെ പരിപാടിയില്‍ പറഞ്ഞു. നിയമസഭ സീറ്റിലേക്ക് തള്ളാനില്ല. നിയമസഭയിലേക്ക് തള്ളിയാല്‍ കേന്ദ്രത്തില്‍ അധികാരം കിട്ടില്ലെന്ന് ജനം കരുതുമെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂര്‍ പാര്‍ട്ടി ചട്ടക്കൂടിന് ഉള്ളില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന്, മുരളീധരന്‍ പരപാടിക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെ പറഞ്ഞു. തരൂരിന്റെ സന്ദര്‍ശനങ്ങള്‍ ചട്ടക്കൂട്ടിന് പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ചട്ടക്കൂടുമായി തരൂരിന്റെ വിഷയത്തിന് ബന്ധമില്ല. സമാന്തര പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന നിര്‍ദേശം നേരത്തെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടികള്‍ ഡിസിസിയെ മുന്‍കൂട്ടി അറിയിക്കണമെന്നും പാര്‍ട്ടി ചട്ടക്കൂട്ടില്‍ നിന്ന് എല്ലാവരും പ്രവര്‍ത്തിക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതി നിര്‍ദേശിച്ചിരുന്നു. ഏതു പരിപാടിക്കുമുള്ള ക്ഷണം പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ സ്വീകരിക്കാം. അതില്‍ പങ്കെടുക്കുകയും ചെയ്യാം. എന്നാല്‍, പരിപാടി നടക്കുന്ന ജില്ലയിലെ ഡിസിസി അറിയണം. പാര്‍ട്ടിയുടെ വ്യവസ്ഥാപിത രീതിയാണിത്. മുതിര്‍ന്ന നേതാക്കളടക്കം ഇതു പാലിക്കാറുണ്ടെന്നും അച്ചടക്ക സമിതി ചൂണ്ടിക്കാട്ടി.
തരൂര്‍ നടത്തിയത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനമാണെന്ന അഭിപ്രായം അച്ചടക്കസമിതിക്കില്ല. എന്നാല്‍, ബന്ധപ്പെട്ട പാര്‍ട്ടിഘടകങ്ങളെ അറിയിക്കാതെയുള്ള പോക്ക് സമാന്തരപ്രവര്‍ത്തനമെന്നും വിഭാഗീയ പ്രവര്‍ത്തനമെന്നുമുള്ള തെറ്റിദ്ധാരണ നേതാക്കളില്‍വരെ സൃഷ്ടിച്ചതായും സമിതി വിലയിരുത്തി.