നെടുമ്പാശ്ശേരി - കൊച്ചി അന്താരാഷ്ട്ര വിമാന താവളം വഴിയുള്ള സ്വർണക്കടത്ത് തുടർക്കഥയായി. കഴിഞ്ഞ മൂന്ന് ദിവസത്തിനകം ഇവിടെ 14.1 കിലോഗ്രാം സ്വർണം പിടിച്ചിട്ടുണ്ട്. ഇതിന് പുറമെ അനധികൃതമായി കൊണ്ടുവന്ന ഐഫോണുകളും കണ്ടെടുത്തു. 6. 32 കോടി രൂപ വിലയുള്ള സ്വർണമാണ് യാത്രക്കാരിൽനിന്നും പിടിച്ചത്.
വൻതോതിൽ സ്വർണ കള്ളക്കടത്ത് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് കൊച്ചിയിൽനിന്ന് എത്തിയ ഡി ആർ ഐ ഉദ്യോഗസ്ഥർ 2.75 കോടി രൂപ വിലയുള്ള 6 കിലോഗ്രാം സ്വർണ മിശ്രിതം പിടിച്ചത്. ഏറെ നിഗൂഢമായ കള്ളക്കടത്താണ് ഡി.ആർ.ഐ സംഘം പിടികൂടിയത്.
ഇൻഡിഗോ വിമാനത്തിലെ ടോയ്‌ലെറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ആറ് കിലോഗ്രാം സ്വർണ മിശ്രിതം കിടന്നിരുന്നത്. ഇത് കൊണ്ടുവന്ന യാത്രക്കാരനെ സംബന്ധിച്ച് ഒരു വിവരവും ഇതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. ഏറെ ദുരുഹതയുള്ള സ്വർണ കള്ളക്കടത്താണിത്. ടോയ്‌ലറ്റിൽ നിന്നും ഈ സ്വർണം എടുത്ത് കൈമാറുവാനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നതായി മനസിലാക്കുന്നു. ഇതിനിടയിൽ അപ്രതീക്ഷിതമായിട്ടാണ് ഡി.ആർ.ഐ സംഘം എത്തിയത്. ഇരുപത്തിനാലാം തിയ്യതി മുംബൈയിൽനിന്നും ഇൻഡിഗോ വിമാനത്തിൽ എത്തിയ തമിഴ്‌നാട് സ്വദേശികളായ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്. 6454 ഗ്രാം സ്വർണ മിശ്രിതം ആണ് ഇവർ ഒളിപ്പിച്ച് കൊണ്ടുവന്നത്. ഇതിന് വിപണിയിൽ 2.6 കോടി രൂപ വിലയുണ്ട്.
ഈ സ്വർണ കള്ളക്കടത്തിന് അന്താരാഷ്ട്ര ബന്ധമുള്ളതായി എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിട്ടുണ്ട്. വിദേശത്തുനിന്നും ഒരു ശ്രീലങ്കൻ വംശജൻ കൊണ്ടുവന്ന സ്വർണം മുംബൈ വിമാന താവളത്തിൽ വെച്ച് കൈമാറുകയായിരുന്നു.സ്വർണം ഒളിപ്പിച്ച ഹാൻഡ് ബാഗുകൾ കൈമാറിയതു സംബന്ധിച്ച് പിടിയിലായ തമിഴ് നാട്ടുകാർ വ്യക്തമായ മൊഴി നൽകിയിട്ടുണ്ട്. ഗൾഫിൽനിന്നും കൊണ്ടുവന്ന സ്വർണം കസ്റ്റംസ് പരിശോധന നടത്താതെ മുംബൈ വിമാന താവളത്തിന്റെ പുറത്ത് കൊണ്ടുവന്നു. മുൻകൂട്ടി പറഞ്ഞ് ഉറപ്പിച്ചിരുന്ന തമിഴ് നാട്ടുകാർക്ക് ഇത് കൈമാറി. ആഭ്യന്തര യാത്രക്കാരായി കൊച്ചിയിൽ വന്നിറങ്ങിയ ഇവർക്ക് സ്വർണം പരിശോധന കൂടാതെ പുറത്ത് കൊണ്ടുപോകുവാൻ സാധിക്കുമായിരുന്നു.എന്നാൽ കസ്റ്റംസ് നിരീക്ഷണം ശക്തമാക്കിയിരുന്നതിനാൽ മുംബൈയിൽനിന്ന് എത്തിയ തമിഴ് നാട്ടുകാരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പത്ത് കാപ്‌സ്യൂളുകളായി കൊണ്ടുവന്ന സ്വർണം കണ്ടെത്തിയത്.
73 ലക്ഷം രൂപയുടെ സ്വർണവും രണ്ട് ഐഫോണുകളുമാണ് ഇരുപത്തിയഞ്ചാം തീയതി പിടിച്ചത്. 1656 ഗ്രാം സ്വർണം ഇവരിൽ നിന്നും കണ്ടെത്തി. ദുബായിൽ നിന്നും എത്തിയ രണ്ട് സ്ത്രീകൾ ഉൾപ്പടെ മൂന്ന് യാത്രക്കാരിൽനിന്നും സ്വർണം പിടിച്ചിട്ടുണ്ട്. 47 ലക്ഷം രൂപ വിലയുള്ള 1156 ഗ്രാം സ്വർണം കാപ്‌സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഒരു യാത്രക്കാരൻ കൊണ്ടുവന്നത്. 26 ലക്ഷം രൂപ വിലയുള്ള 500 ഗ്രാം സ്വർണാഭരണം രണ്ട് സ്ത്രീകൾ വസ്ത്രത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
ദുബായിൽനിന്നും വന്ന പാലക്കാട് സ്വദേശിയായ മൊയ്‌നുദ്ദീൻ എന്ന യാത്രക്കാരനിൽനിന്ന് 47 ലക്ഷം രൂപ വിലയുള്ള 1156 ഗ്രാം സ്വർണം പിടിച്ചു. നാല് കാപ്‌സ്യൂളുകളുടെ രൂപത്തിലാക്കി സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.
ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം വിശദമായി പരിശോധന നടത്തിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. സ്വർണത്തിന് മുകളിൽ നിലനിറത്തിലുള്ള ആവരണം ഉണ്ടായിരുന്നു. ദുബായിൽ നിന്നുള്ള രണ്ട് സ്ത്രീകളിൽ നിന്നാണ് 26 ലക്ഷം വിലയുള്ള 500 ഗ്രാം സ്വർണാഭരണം പിടിച്ചത്. ഇരുവരും വസ്ത്രത്തിനുള്ളിലാണ് സ്വർണാഭരണങ്ങൾ ഒളിപ്പിച്ചിരുന്നത്. പിടിയിലായ സ്ത്രീകൾ പാലക്കാട് സ്വദേശികളാണ്. ഇവരിൽ നിന്നും രണ്ട് ഐഫോണുകളും കണ്ടെടുത്തിട്ടുണ്ട്. മൂന്ന് യാത്രക്കാരെയും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം വിശദമായി ചോദ്യം ചെയ്ത് വരുന്നു.