പെരിന്തല്‍മണ്ണ- മാരക മയക്കുമരുന്നിനത്തില്‍പ്പെട്ട 61 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. കുറ്റിപ്പുറം പേരശന്നൂര്‍ സ്വദേശി കൈപ്പള്ളി മുബഷീര്‍(26), നിലമ്പൂര്‍ ചക്കാലക്കുത്ത് സ്വദേശി ശ്രീമേഷ്(29) എന്നിവരെയാണ് വിപണിയില്‍ ലക്ഷക്കണക്കിനു രൂപ വിലയുള്ള മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍ അഥവാ എം.ഡി.എം.എയുമായി പെരിന്തല്‍മണ്ണ സി.ഐ സി. അലവിയും സംഘവും അറസ്റ്റ് ചെയ്തത്.
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നുസംഘം ആഢംബര ബൈക്കുകളിലും പ്രത്യേക കാരിയര്‍മാര്‍ മുഖേനയും വന്‍തോതില്‍ രാസലഹരി മരുന്നിനത്തില്‍പ്പെട്ട എം.ഡി.എം.എ കേരളത്തിലേക്കു കടത്തി വിവിധ ഭാഗങ്ങളിലെത്തിക്കുന്നതായും മലപ്പുറം ജില്ലയിലെ ചിലര്‍ ഇതിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതായും ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം. സന്തോഷ്‌കുമാര്‍, സി.ഐ സി. അലവി എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെ പെരിന്തല്‍മണ്ണയില്‍ രാത്രികാല പ്രത്യേക പരിശോധനയിലാണ് ബംഗളൂരുവില്‍നിന്നു വില്‍പ്പനക്കെത്തിച്ച 61 ഗ്രാം എം.ഡി.എം.എയുമായി
ഇരുവരെയും പോലീസ് പിടികൂടിയത്. ബംഗളൂരുവില്‍നിന്നു ബൈക്കുകളിലും ബസ് മാര്‍ഗവും എം.ഡി.എം.എ നാട്ടിലെത്തിച്ചു വില്‍പ്പന നടത്തിവരികയായിരുന്നു ഇവര്‍. നേരത്തെ പലതവണ ലഹരിമരുന്ന് കടത്തിയതായും വന്‍ സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് കച്ചവടത്തിലേക്കിറങ്ങിയതെന്നും ഇരുവരും പോലീസിനോട് പറഞ്ഞു. മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും മലപ്പുറം ജില്ലയിലെ മറ്റു കണ്ണികളെക്കുറിച്ചും വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നു പെരിന്തല്‍മണ്ണ സി.ഐ സി.അലവി അറിയിച്ചു. എസ്.ഐ എ.എം.മുഹമ്മദ് യാസിര്‍, എ.എസ്.ഐ ബൈജു, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.