മദീന - മെയിന്‍ റോഡില്‍ നടത്തിയ അഭ്യാസ പ്രകടനത്തിനിടെ നിയന്ത്രണം വിട്ട കാറുണ്ടാക്കിയ അപകടത്തില്‍ നിന്ന് യുവതിയും പിഞ്ചുമകനും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മദീന അല്‍ഹംറാ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന മിനിമാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങിയ ഉടനെയാണ് യുവതിയുടെയും മകന്റെയും നേരെ ശരവേഗത്തിലുള്ള കാര്‍ പാഞ്ഞടുത്തത്. മിനിമാര്‍ക്കറ്റിനു മുന്നില്‍ നിര്‍ത്തിയിട്ട സ്വന്തം കാറില്‍ ഇരുവരും കയറാന്‍ നേരത്താണ് അപകടം.
യുവതിയുടെ കാറിലും സ്ഥാപനത്തിനു മുന്നില്‍ നിര്‍ത്തിയിട്ട മറ്റൊരു പിക്കപ്പിലും നിയന്ത്രണം വിട്ട കാര്‍ അതിശക്തിയായി കൂട്ടിയിടിച്ചു. ഈ കാറുകളുടെ മറവിലായതിനാല്‍ മാത്രമാണ് യുവതിയും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ മിനിമാര്‍ക്കറ്റിനു പുറത്ത് സ്ഥാപിച്ച സി.സി.ടി.വി ക്യാമറ ചിത്രീകരിച്ചു. ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സൗദിയില്‍ വാഹനാഭ്യാസ പ്രകടനം നടത്തുന്നവരുടെ വാഹനങ്ങള്‍ 15 ദിവസം കസ്റ്റഡിയില്‍ സൂക്ഷിക്കുകയും 20,000 റിയാല്‍ പിഴ ചുമത്തുകയും ചെയ്യും. രണ്ടാമതും നിയമ ലംഘനം നടത്തി കുടുങ്ങുന്നവരുടെ വാഹനം ഒരു മാസം കസ്റ്റഡിയില്‍ സൂക്ഷിക്കും. ഇവര്‍ക്ക് 40,000 റിയാല്‍ പിഴയും ചുമത്തും. കൂടാതെ ഇവര്‍ക്ക് തടവ് ശിക്ഷയും നല്‍കും. മൂന്നാമതും ഇതേ നിയമ ലംഘനം നടത്തി കുടുങ്ങുന്നവര്‍ക്ക് 60,000 റിയാല്‍ പിഴയും വാഹനം കണ്ടുകെട്ടലും തടവ് ശിക്ഷയും ലഭിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
— Maka (@Maka85664320) November 24, 2022