കൊച്ചി- വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വിധി പ്രഖ്യാപിച്ച് ഹൈക്കോടതി. കേസ് നിലനില്‍ക്കില്ലെന്നും നിയമപരമായി വിവാഹിതയായ പരാതിക്കാരി മറ്റൊരു വിവാഹം സാധിക്കാത്ത നിലയ്ക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടാല്‍ നടപടിയെടുക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വ്യാജ വിവാഹ വാഗ്ദാനത്തിന്റെ പ്രശ്നം ഇവിടെ ഉദിക്കുന്നില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അറിയിച്ചു.കൊല്ലം സ്വദേശി ടിനോ തങ്കച്ചന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന യുവതിയും യുവാവും ഫേസ്ബുക്കിലൂടെ ഇവിടെവച്ച് പരിചയപ്പെട്ടു. തുടര്‍ന്ന് പ്രണയത്തിലായി. ഈ സമയം ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു യുവതി. വിവാഹിതരാകാന്‍ ഇരുവരും തീരുമാനിക്കുകയും ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. ഇക്കാര്യങ്ങള്‍ യുവതി നല്‍കിയ പരാതിയിലുണ്ടെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പുനലൂര്‍ പോലീസില്‍ നല്‍കിയ യുവതിയുടെ പരാതിയില്‍ കേസെടുത്തതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഉഭയകക്ഷി സമ്മതപ്രകാരമുളള ലൈംഗികബന്ധം ബലാല്‍സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന ഹൈക്കോടതി മുന്‍ ഉത്തരവും ചൂണ്ടിക്കാട്ടിയാണ് കേസില്‍ ഹര്‍ജിക്കാരനെ കുറ്റവിമുക്തനാക്കിയത്.