Sorry, you need to enable JavaScript to visit this website.

കേരളം തീവ്ര സാമ്പത്തിക പ്രതിസന്ധിയില്‍,  2000 കോടി കൂടി കടമെടുക്കുന്നു 

തിരുവനന്തപുരം- കേരളം 2000 കോടി രൂപകൂടി കടമെടുക്കുന്നു. ഇതോടെ ഈ വര്‍ഷത്തെ കടമെടുപ്പ് 15,436 കോടി രൂപയാവും. ഡിസംബര്‍വരെ 17,936 കോടി രൂപയാണ് ആകെ കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇനി ശേഷിക്കുന്നത് 2500 കോടി രൂപയാണ്. ഡിസംബര്‍ ആദ്യം ശമ്പളവും പെന്‍ഷനും നല്‍കാന്‍കൂടിയാണ് ഇപ്പോള്‍ കടമെടുക്കുന്നത്.
ഡിസംബറിനുശേഷം കേന്ദ്രം കൂടുതല്‍ വായ്പ അനുവദിച്ചില്ലെങ്കില്‍ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ വേണ്ടിവരും. പണമില്ലാത്തതിനാല്‍ ഇപ്പോള്‍ത്തന്നെ അത്യാവശ്യച്ചെലവുകളും പദ്ധതിച്ചെലവുകളും മാറ്റിവെക്കേണ്ട സ്ഥിതിയുണ്ട്. സാമൂഹികസുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ഉള്‍പ്പെടെ പല ക്ഷേമപദ്ധതികളും മുടങ്ങിയിട്ടുണ്ട്. ജി.എസ്.ടി.യില്‍ മുന്‍വര്‍ഷത്തെക്കാള്‍ വര്‍ധനയുണ്ടെങ്കിലും ഈ വരുമാനക്കുറവ് പരിഹരിക്കാന്‍ അതുകൊണ്ടാവില്ല. സംസ്ഥാനത്തിന് തനതായ അധികവരുമാനം വേറെ കിട്ടാനുമില്ല.
ഇപ്പോള്‍ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ മൂന്നുശതമാനമാണ് സംസ്ഥാനത്തിന് കടമെടുക്കാവുന്നത്. ജി.എസ്.ടി. നഷ്ടപരിഹാരം നിലച്ചതിനാല്‍ ഇത് നാലുശതമാനമാക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനുമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കേന്ദ്രം അംഗീകരിച്ചിട്ടില്ല.ജി.എസ്.ടി. കുടിശ്ശികയിനത്തില്‍ 1548 കോടി ഇനിയും കിട്ടാനുണ്ടെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു.

Latest News