കോഴിക്കോട് - നാണക്കേട് മറയ്ക്കാനായി കെ റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ സർക്കാറിന്റെ ഒളിച്ചു കളി. കേന്ദ്ര സർക്കാറിൽ നിന്നും റെയിൽവേ മന്ത്രാലയത്തിൽ നിന്നും അനുകൂല തീരുമാനമുണ്ടാകില്ലെന്ന് ബോധ്യമായിട്ടും ഒറ്റയടിക്ക് പദ്ധതി പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത് സംസ്ഥാന സർക്കാറിന് വലിയ നാണക്കേടാകുമെന്നതിനാൽ ഘട്ടംഘട്ടമായി അവസാനിപ്പിക്കാനാണ് നീക്കം.
പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിലേർപ്പെട്ട 205 റവന്യൂ ജീവനക്കാരെ റവന്യൂ വകുപ്പിലേക്ക് തിരികെ അയക്കാൻ മുഖ്യമന്ത്രി അനുമതി നകിയതോടെ സിൽവർ ലൈൻ കെട്ടിപ്പൂട്ടാൻ തന്നെയാണ് സർക്കാറിന്റെ തീരുമാനമെന്ന് വ്യക്തമായി.
അതേസമയം, പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നാണ് കെ റെയിൽ അധികൃതർ പറയുന്നത്. എന്നാൽ പദ്ധതിയുടെ പ്രാരംഭ നടപടികളിലൊന്നായ സമൂഹികാഘാത പഠനം എന്തുകൊണ്ട് നിർത്തിവെച്ചുവെന്നതിന് കെ റെയിൽ അധികൃതർക്ക് വ്യക്തമായ ഉത്തരമില്ല. കേന്ദ്രത്തിന്റെ അനുമനതി ലഭിച്ച ശേഷം മാത്രം ഇനി പഠനം നടത്തിയാൽ മതിയെന്നാണ് കെ റെയിലിന്റെ തീരുമാനം.
കേന്ദ്രത്തിന്റെ അനുമതി ലഭിക്കില്ലെന്ന വ്യക്തമായ സൂചനകളുടെ അടിസ്ഥാനത്തിലാണ് സമൂഹികാഘാത പഠനത്തിനായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചയക്കുന്നത്. ഇത് പരസ്യമായി പറയുന്നത് സർക്കാറിന് വലിയ നാണക്കേടുണ്ടാക്കുമെന്ന് ബോധ്യമുള്ളതുകൊണ്ടാണ് കെറെയിൽ ഇതിൽ ഒളിച്ചു കളിക്കുന്നത്. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമാകട്ടെ സിൽവർ ലൈൻ പദ്ധതിയുടെ കാര്യത്തിൽ പഴയ ആവേശമില്ല. പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന വെറും വാക്കിൽ അവരുടെ പ്രതികരണം ഒതുക്കി തലയൂരാൻ ശ്രമിക്കുക്കുകയാണ്.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ കെറെയിൽ പദ്ധതിക്കായി പണം മുടക്കാനോ കോടികൾ കടമെടുക്കുന്നതിനോ സർക്കാറിന് ഇപ്പോൾ താൽപര്യമില്ല. അത് സാധ്യവുമല്ലെന്ന ബോധ്യം സംസ്ഥാന സർക്കാറിനുണ്ട്. കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്ന് കാര്യമായ സാമ്പത്തിക സഹായം ലഭിച്ചാൽ മാത്രമേ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും സാധിക്കുകയുള്ളൂ. എന്നാൽ അതിന് സാധ്യത തീരെയില്ലാത്ത സ്ഥിതിയാണ്. കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പദ്ധതിയിൽ നിന്ന് നാണക്കേടില്ലാതെ തലയൂരുകയെന്നതിനെപ്പറ്റിയാണ് സംസ്ഥാന സർക്കാറിന്റെ ചിന്ത. സർവ്വേയക്കും അതിർത്തി തിരിക്കുന്നതിനും കല്ലിടലിനും മറ്റും കോടികൾ ചെലവായതും ജനങ്ങളുടെ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വന്നതുമാണ് പദ്ധതിയുടെ ബാക്കി പത്രമായി അവശേഷിക്കാൻ പോകുന്നത്.
2020 സെപ്തംബർ 9-നാണ് വിശദ പദ്ധതി രേഖ റെയിൽവേ ബോർഡിന് സമർപ്പിച്ചിരുന്നത്. വിശദ പദ്ധതി രേഖ അപൂർണ്ണമാണെന്നും സാമ്പത്തിക വിനിയോഗമടക്കമുള്ള കാര്യങ്ങളിൽ തീരെ വ്യക്തതയില്ലെന്നും പറഞ്ഞ് റെയിൽവേ ബോർഡ് ഇത് തിരിച്ചയച്ചിരുന്നു. സിൽവർ ലൈൻ അലൈൻമെന്റിൽ വരുന്ന റെയിൽവേ ഭൂമിയുടെയും നിലവിലുള്ള റെയിൽവേ കെട്ടിടങ്ങളുടെയും റെയിൽവേ ക്രാസുകളുടെയും വിശദമായ രേഖ സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഇത് സംബന്ധിച്ച വിശദാംശങ്ങളും സാമ്പത്തിക, സാങ്കേതിക കാര്യങ്ങളും വിശദീകരിച്ച് മൂന്ന് റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. എന്നാൽ റെയിൽവേ മന്ത്രാലയത്തിന്റെ സംശയങ്ങൾ പൂർണ്ണമായും ദുരീകരിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ സമർപ്പിച്ചാൽ മാത്രമേ പദ്ധതിക്ക് അനുമതി നൽകുന്നതിനെക്കറിച്ച് പ്രാരംഭ ആലോചനകൾ പോലും നടത്തേണ്ടതുള്ളൂവെന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ നിലപാട്. പദ്ധതി ഒരു തരത്തിലും പ്രായോഗികമല്ലെന്ന് നേരത്തെ തന്നെ റെയിൽവേ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സിൽവർ ലൈൻ പദ്ധതിക്ക് 63,941 കോടി രൂപയാണ് സംസ്ഥാന സർക്കാർ അടങ്കൽ തുകയായി കണക്കാക്കിയത്. ഇതിൽ 33,700 കോടി രൂപ വിദേശ വായ്പയും 3,125 കോടി രുപ റെയിൽവേ വിഹിതവും 3253 കോടി രൂപ കേരളത്തിന്റെ വിഹിതവുമാണ്. റെയിൽവേയുടെ വിഹിതം ലഭിക്കാനും വിദേശവായ്പ നേടാനും റെയിൽവേ മന്ത്രാലയത്തിന്റെയും കേന്ദ്ര സർക്കാറിന്റെയും അനുമതി ആവശ്യമാണ്. നിലവിലുള്ള സാഹചര്യത്തിൽ അനുമതി കിട്ടാനുള്ള സാധ്യത തീർത്തും ഇല്ലാതാതോടെയാണ് സാമൂഹികാഘാത പഠനത്തിന്റെ സർവ്വേ ജോലിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നത്.
സിൽവർ ലൈൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി അവസാനിപ്പിക്കാനാണ് നീക്കം നടക്കുന്നതെങ്കിലും കെ റെയിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾക്ക് യാതൊരു തടസവും വരില്ല. സംസ്ഥാനത്തെ 27 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിനായി കെറെയിൽ കേന്ദ്ര റെയിൽവേ ബോർഡുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. അതിന്റെ ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാർ മാത്രമല്ല സിൽവർ ലൈൻ പദ്ധതിക്ക് ജനങ്ങളിൽ നിന്ന് അനുകൂല നിലപാട് ഉണ്ടാക്കുന്നതിനായി നാടു മുഴുവൻ വിശദീകരണ യോഗങ്ങൾ വിളിച്ചു കൂട്ടുകയും പദ്ധതിയെ എതിർക്കുന്നവരെ വികസന വിരോധികളായി ചിത്രീകരിക്കുകയും ചെയ്ത സി.പി.എം നേതൃത്വവും ഇപ്പോൾ മൗനത്തിലാണ്. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കാൻ അദ്ദേഹത്തിനും താൽപര്യമില്ല.