ജിദ്ദ- പുലര്‍ച്ചെ പെയ്ത കനത്ത മഴയില്‍ ജിദ്ദയില്‍ ജനജീവിതം സ്തംഭിച്ചു. നഗരത്തില്‍ നിരവധി റോഡുകള്‍ വെള്ളത്തിലായി. ഇവിടങ്ങളില്‍ നൂറു കണക്കിന് കാറുകളും വെള്ളത്തിലായി.
ഡ്രൈവര്‍മാരും യാത്രക്കാരും ചേര്‍ന്ന് ചില കാറുകള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് തള്ളിനീക്കാന്‍ ശ്രമിച്ചു.
ജിദ്ദയില്‍ വെള്ളം കയറിയ റോഡുകളില്‍ കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സ് റബ്ബര്‍ ബോട്ടുകളും ഷെവലുകളും ഉപയോഗിച്ച് സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഏതാനും വിമാന സര്‍വീസുകള്‍ നീട്ടിവെച്ചതായി ജിദ്ദ എയര്‍പോര്‍ട്ട് അറിയിച്ചു. വിമാന സര്‍വീസുകളുടെ സമയം അറിയാന്‍ യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നും ജിദ്ദ എയര്‍പോര്‍ട്ട് പറഞ്ഞു.
വെള്ളം കയറിയതിനെ തുടര്‍ന്ന് ജിദ്ദയില്‍ ഏതാനും റോഡുകളും അടിപ്പാതകളും അടച്ചതായി മക്ക ഗവര്‍ണറേറ്റിലെ ക്രൈസിസ് സെന്റര്‍ അറിയിച്ചു. അല്‍മുന്‍തസഹാത്ത് മേല്‍പാലം മുതല്‍ കിംഗ് അബ്ദുല്ല മേല്‍പാലം വരെയുള്ള ഭാഗത്ത് അല്‍ഹറമൈന്‍ റോഡ് പൂര്‍ണമായും അടച്ചു. പ്രിന്‍സ് മാജിദ് റോഡും ഫലസ്തീന്‍ സ്ട്രീറ്റും സന്ധിക്കുന്ന ഇന്റര്‍സെക്ഷനിലെ അടിപ്പാത, കിംഗ് ഫഹദ് റോഡും കിംഗ് അബ്ദുല്ല റോഡും സന്ധിക്കുന്ന ഇന്റര്‍സെക്ഷനില്‍ വടക്കുദിശയിലുള്ള അടിപ്പാത, വടക്കുദിശയിലുള്ള അല്‍ജാമിഅ അടിപ്പാത, കിംഗ് അബ്ദുല്ല റോഡും മദീന റോഡും സന്ധിക്കുന്ന ഇന്റര്‍സെക്ഷനില്‍ പടിഞ്ഞാറു ദിശയിലുള്ള അടിപ്പാത എന്നിവയാണ് അടച്ചത്. മഴക്കുള്ള സാധ്യത മുന്നില്‍ കണ്ട് സിവില്‍ ഡിഫന്‍സും നഗരസഭയും സുരക്ഷാ വകുപ്പുകളും വലിയ തയാറെടുപ്പുകള്‍ നടത്തിയിരുന്നു.
മദീനയിലും പുലര്‍ച്ചെ കനത്ത മഴപെയ്തു. മസ്ജിദുന്നബവിയില്‍ സുബ്ഹി നമസ്‌കാരത്തിനിടെയാണ് മഴ കോരിച്ചൊരിഞ്ഞത്. യാമ്പുവിലും പരിസരപ്രദേശങ്ങളിലും പുലര്‍ച്ചെ ശക്തമായ മഴ പെയ്തു. തബൂക്ക് പ്രവിശ്യയില്‍ പെട്ട ദിബായിലും മഴ പെയ്തു. ജിദ്ദയിലും റാബിഗിലും ഖുലൈസിലും മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി നല്‍കിയിരുന്നു. യാമ്പുവിലും മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി നല്‍കി. പരീക്ഷ അടുത്ത മാസം എട്ടിലേക്ക് നീട്ടിവെച്ചിട്ടുണ്ട്. ജിദ്ദയില്‍ വെള്ളത്തിലായ റോഡുകളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. മദീനയിലും ദിബായിലും മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകളും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു