കണ്ണൂർ - ലഹരി വിൽപ്പന ചോദ്യം ചെയ്തതിന് തലശ്ശേരിയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പാറായി ബാബു പിടിയിൽ. തലശ്ശേരി എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയിൽ വച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച മൂന്നു പേരെയും ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
തലശ്ശേരി സിറ്റി സെന്ററിനടുത്ത് വച്ച് ഇന്നലെ വൈകിട്ടാണ് സി.പി.എം പ്രവർത്തകരും ബന്ധുക്കളുമായ നെട്ടൂർ സ്വദേശികൾ പൂവനാഴി ഷമീർ (40), കെ ഖാലിദ് (52) എന്നിവർ കുത്തേറ്റു മരിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച ഷാനിബ് (29) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
നെട്ടൂർ സ്വദേശി പാറായി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലക്ക് പിന്നിലെന്ന് പരുക്കേറ്റ ഷാനിബ് പോലീസിന് മൊഴി നൽകിയിരുന്നു. ബാബുവും ജാക്സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണമൊഴിയിലുമുണ്ട്.
ഇതേ തുടർന്ന് ബാബുവിന്റെ ഭാര്യാ സഹോദരൻ ജാക്സൺ, ഫർഹാൻ, നവീൻ എന്നിവരെ തലശ്ശേരി പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. മുഖ്യപ്രതി വലയിലായതോടെ ക്രൂര കൃത്യത്തിൽ പങ്കാളികളായ മുഴുവൻ പേരെയും പിടികൂടാൻ സാധിച്ചതായാണ് പോലീസ് വിലയിരുത്തൽ.