കൊച്ചി- പ്രവാസി വ്യവസായില്‍നിന്ന് മരുമകന്‍ 108 കോടിയിലധികം രൂപയും 1000 പവനും തട്ടിയെടുത്തതായി പരാതി. ആലുവ തൈനോത്തില്‍ റോഡില്‍ അബ്ദുല്‍ ലാഹിര്‍ ഹസന്‍ എന്ന വ്യവസായിയില്‍ നിന്നാണ് കാസര്‍കോട് സ്വദേശിയായ മരുമകന്‍ മുഹമ്മദ് ഹാഫിസ് പലഘട്ടങ്ങളായി തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തതായി പരാതിയുള്ളത്.
അഞ്ച് വര്‍ഷം മുമ്പാണ് അബ്ദുള്‍ ലാഹിര്‍ ഹസന്‍ ഏക മകളെ ഇയാള്‍ക്ക് വിവാഹം ചെയ്ത് നല്‍കിയത്. കമ്പനിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടന്നുവെന്നും പിഴയടക്കാനെന്ന പേരില്‍ 3.9 കോടി രൂപ വാങ്ങിയാണ് തട്ടിപ്പിന്റെ തുടക്കം. ബംഗളൂരുവില്‍ ബ്രിഗേഡ് റോഡില്‍ കെട്ടിടം വാങ്ങാന്‍ പണം വാങ്ങിയെങ്കിലും നല്‍കിയത് വ്യാജ രേഖകളായിരുന്നു. വിവാഹത്തിന് നല്‍കിയ 1000 പവന്‍ സ്വര്‍ണവും വജ്രവുമടങ്ങുന്ന ആഭരണങ്ങള്‍ വിറ്റു. വിവിധ പദ്ധതികളുടെ പേരില്‍ പുറത്ത് നിന്നും നൂറു കോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നും ലാഹിര്‍ ഹസന്‍ പറയുന്നു. അക്ഷയ് തോമസ് വൈദ്യന്‍ എന്ന സുഹൃത്തുമായി ചേര്‍ന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നതെന്നാണ് പരാതി. കൊച്ചിയില്‍ മീഡിയ ഏജന്‍സി നടത്തിയിരുന്ന ഇയാളുമായി ചേര്‍ന്ന് പുതിയ ബിസിനസ് പദ്ധതികള്‍ പ്രഖ്യാപിച്ച് ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ നല്‍കിയാണ് സംരംഭകരെ വിശ്വസിപ്പിച്ചിരുന്നത്. ആരംഭിക്കാത്ത പദ്ധതികളെ കുറിച്ച്് ഫാബ്സ് മാസികയുടെ ഓണ്‍ലൈനിലടക്കം വാര്‍ത്തകള്‍ വരുത്തിയിരുന്നു.
തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ലാഹിര്‍ ഹസന്‍ നടത്തിയ അന്വഷണത്തില്‍ മുഹമ്മദ് ഹാഫിസിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റും ഇയാള്‍ അയച്ചു നല്‍കിയിരുന്ന രേഖകളുമെല്ലാം വ്യാജമാണെന്ന് കണ്ടെത്തി. ആലുവ ഡിവൈ. എസ് പിക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണ പുരോഗതി ഉണ്ടാകാത്തതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി.