കൊച്ചി-എറണാകുളം ജില്ലാ കോടതി സമുച്ചയത്തില്‍ ക്രിമിനല്‍ കേസ് പ്രതി കൈഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. എറണാകുളം സ്വദേശി തന്‍സീറിനെതിരെ ആത്മഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു. വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ ആയിരുന്ന തന്‍സീറിനെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് ആത്മഹത്യാശ്രമം നടന്നത്. വായില്‍ സൂക്ഷിച്ചിരുന്ന ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ചതോടെ കോടതി വരാന്തയില്‍ ചോര തളംകെട്ടി. ഉടനടി ഇയാളെ തൊട്ടടുത്തുള്ള ജനറല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ല.
എറണാകുളം നോര്‍ത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളെ കോടതിയിലേക്ക് എത്തിച്ചത്. തന്റെ ജ്യേഷ്ഠനും സുഹൃത്തുക്കളും തന്നെ കാണാന്‍ കോടതിയിലെത്തിയിരുന്നെന്നും പോലീസ് ഇവരുമായി സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ഇതിന്റെ പ്രകോപനത്തിലാണ് കൈഞരമ്പ് മുറിച്ചതെന്നും തന്‍സീര്‍ പറഞ്ഞു. താന്‍ മാനസിക രോഗത്തിന് ചികിത്സ നടത്തുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ ഇയാളെ കാണാനെത്തിയവര്‍ കഞ്ചാവ് കൈമാറാന്‍ ശ്രമിച്ചെന്ന് സംശയം തോന്നി പരിശോധിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇയാള്‍ കൈഞരമ്പ് മുറിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
തന്‍സീറിനെതിരെ ആത്മഹത്യാശ്രമത്തിനു കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.