കൊച്ചി- മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യാകുറ്റം ഒഴിവാക്കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ശ്രീറാമിനെതിരെ നരഹത്യാ കേസ് നിലനില്‍ക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. കീഴ്‌ക്കോടതിയുടെ നടപടി റദ്ദാക്കണമെന്നും സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.
കെ.എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരെ ചുമത്തിയ നരഹത്യാക്കുറ്റം തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഒഴിവാക്കിയിരുന്നു. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹരജിയിലാണ് കോടതി വിധി പറഞ്ഞത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ മാത്രമേ ശ്രീറാമിനെതിരെ നിലനില്‍ക്കുകയുള്ളു എന്നും കോടതി വ്യക്തമാക്കി. രണ്ടാംപ്രതിയായ വഫ ഫിറോസിനെതിരേ മോട്ടോര്‍ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും കോടതി പറഞ്ഞു. കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍നിന്ന് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ജൂലായ് 20ന് പ്രതികള്‍ വിചാരണക്കായി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.