റിയാദ് - തുര്‍ക്കിക്ക് 500 കോടി അമേരിക്കന്‍ ഡോളറിന്റെ സഹായം നല്‍കുന്നതിനെ കുറിച്ച് സൗദി അറേബ്യയും തുര്‍ക്കിയും ചര്‍ച്ചകള്‍ നടത്തുന്നതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. കരുതല്‍ വിദേശനാണ്യ ശേഖരത്തിലെ കുറവ് നികത്തി കരുതല്‍ വിദേശനാണ്യത്തിന് പിന്തുണ നല്‍കാന്‍ ശ്രമിച്ച് തുര്‍ക്കി കേന്ദ്ര ബാങ്കില്‍ സൗദി അറേബ്യ 500 കോടി അമേരിക്കന്‍ ഡോളര്‍ നിക്ഷേപിക്കുന്നതിനെ കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയതായി സൗദി ധനമന്ത്രാലയ വക്താവ് പറഞ്ഞു.
പ്രാദേശിക കറന്‍സിയുമായുള്ള സ്വാപ് ഇടപാടായോ ഡെപ്പോസിറ്റ് ആയോ 500 കോടി ഡോളര്‍ നല്‍കുന്ന കാര്യത്തില്‍ സൗദി അറേബ്യയുമായി കരാറുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയതായി തുര്‍ക്കി വൃത്തങ്ങളും വ്യക്തമാക്കി.
പണപ്പെരുപ്പം 85 ശതമാനത്തിലേറെയായി ഉയര്‍ന്നതും ടര്‍ക്കിഷ് ലീറയുടെ മൂല്യശോഷണവും തുര്‍ക്കി സമ്പദ്‌വ്യവസ്ഥക്ക് കടുത്ത ആഘാതമായിട്ടുണ്ട്. പ്രാദേശിക കറന്‍സിയുമായി 2,800 കോടി ഡോളറിന്റെ സ്വാപ് ഇടപാടുകള്‍ക്ക് ഏതാനും രാജ്യങ്ങളുമായി തുര്‍ക്കി കേന്ദ്ര ബാങ്ക് കരാറുകളുണ്ടാക്കിയിട്ടുണ്ട്. ചൈനയുമായി 600 കോടി ഡോളറിന്റെയും ഖത്തറുമായി 1,500 കോടി ഡോളറിന്റെയും യു.എ.ഇയുമായി 500 കോടി ഡോളറിന്റെയും സ്വാപ് ഇടപാടുകള്‍ തുര്‍ക്കിഷ് സെന്‍ട്രല്‍ ബാങ്ക് ഒപ്പുവെച്ചിട്ടുണ്ട്.