ദോഹ- ഖത്തര്‍ ലോകകപ്പിനിടെ അറബ്, ഇസ്ലാമിക ആതിഥ്യ മര്യാദകളെ പ്രകീര്‍ത്തിച്ചുകൊണ്ട് ധാരാളം പേര്‍ രംഗത്തുവരുന്നു. ഏകമാനവികതയും മാനവ സ്‌നേഹവും ഉദ്‌ഘോഷിക്കുന്നതായിരുന്നു ലോകകപ്പ് ഉദ്ഘാടന വേദി. രാജ്യങ്ങളേയും സമൂഹങ്ങളേയും ഏകോപിപ്പിക്കുന്നതില്‍ ഫുട്‌ബോളിന്റെ പങ്ക് അടയാളപ്പെടുത്തിയ ചടങ്ങ് വംശീയതയും വിഭാഗീതയും ഒഴിവാക്കാനും മാനവിക ഐക്യത്തിനായി ഒരുമിക്കാനും ആഹ്വാനം ചെയ്താണ് ശ്രദ്ധേയമായത്.
അതിനിടെ, മെക്‌സിക്കന്‍ ഫുട്‌ബോള്‍ പ്രേമി ഇസ്ലാം സ്വീകരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇസ്ലാമിന്റെ സവിശേഷതകള്‍ പരിചയപ്പെടുത്തിയും ആരുടേയും സമ്മര്‍ദത്തിലല്ല ഇസ്ലാം സ്വീകരിക്കുന്നതെന്ന് ഉറപ്പുവരുത്തിയുമാണ് ഇമാം സത്യസാക്ഷ്യ വാചകം ചൊല്ലിക്കൊടക്കുന്നത്.
ഖത്തറിലെ അത്ഭുത ബാലനായ ഗാനിം അല്‍ മുഫ്താഹ് ഏകമാനവികതയും സാഹോദര്വും ഉദ്‌ഘോഷിക്കുന്ന ഖുര്‍ആനിലെ വചനങ്ങള്‍ ഓര്‍മപ്പെടുത്തിയപ്പോള്‍ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലെ നിറഞ്ഞ സദസ്സും ലോകത്തിന്റെ വിവിദ ഭാഗങ്ങളില്‍ ചടങ്ങ് വീക്ഷിക്കുന്ന കോടിക്കണക്കിനാളുകളും ഒരു നിമിഷമെങ്കിലും ഈ മഹത്തായ ആശയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിച്ചു. പ്രമുഖ അമേരിക്കന്‍ നടനും ഡയറക്ടറും നറേറ്ററുമായ മോര്‍ഗാന്‍ ഫ്രീമാനും ഗാനിം അല്‍ മുഫ്തയും തമ്മിലുള്ള സംഭാഷണം മാനവികതയുടെ ശക്തമായ അടയാളപ്പെടുത്തലായി.