കോഴിക്കോട് - ശശി തരൂരിന് കട്ട പിന്തുണയുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം.പി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയെന്നോണം ശശി തരൂരിന്റെ മലബാർ പര്യടനം വിഭാഗീയതയല്ലെന്നും മുരളീധരൻ തുറന്നടിച്ചു.
ആരും ആരെയും വില കുറച്ചു കാണരുത്. അങ്ങനെ ചെയ്താൽ സൗദി ടീമിൽനിന്ന് മെസ്സിക്കു പറ്റിയതു പറ്റുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാർ തമ്മിൽ കാണുമ്പോൾ കാലാവസ്ഥാ വ്യതിയാനമല്ല ചർച്ച ചെയ്യുക. തരൂരിന് കേരള രാഷ്ട്രീയത്തിൽ നല്ല പ്രസക്തിയുണ്ടെന്നും പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന സ്പോർട്സ്മാൻ സ്പിരിറ്റിൽ കണ്ടാൽ മതിയെന്നും മുരളീധരൻ ഓർമിപ്പിച്ചു.
ശശി തരൂർ നല്ല എംപിയാണ്. അദ്ദേഹത്തെ വിമർശിച്ച കാലത്ത് പോലും അദ്ദേഹം നല്ല എംപിയായിരുന്നു. എന്നാൽ അദ്ദേഹം നല്ല എംപിയല്ലെന്ന് പറയുന്നത് എതിരാളികൾക്ക് വടികൊടുക്കുന്ന പരിപാടിയാണ്. പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോളുണ്ട്. ബൂത്ത് തലം മുതൽ പ്രവർത്തിച്ച് വന്നവർ മാത്രമല്ല സ്ഥാനങ്ങളിൽ എത്തുന്നത്. നയതന്ത്ര രംഗത്ത് പരിചയമുള്ളവർ ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ മന്ത്രിയായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആളുകളെ വിലകുറച്ച് കണ്ടാൽ ഇന്നലെ മെസിക്ക് പറ്റിയതുപോലെ സംഭവിക്കും. സൗദി അറേബ്യയെ വിലകുറച്ചു കണ്ടതിനാൽ മെസ്സിക്ക് തലയിൽ മുണ്ടിട്ട് പോകേണ്ടിവന്നു. ഒരാളെ വിലയിരുത്തുമ്പോൾ തരംതാഴ്ത്തലിലേക്ക് പോകേണ്ട. ബലൂൺ ചർച്ചയൊന്നും ഇവിടെ ആവശ്യമില്ലെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.