പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍  കോട്ടക്കല്‍ സ്വദേശി മരിച്ചു, നാല് പേര്‍ക്ക് പരിക്കേറ്റു 

കൊച്ചി- പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ചുകയറി ഒരാള്‍ മരിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശി ജിനേഷ് (38) ആണ് മരിച്ചത്. മൂവാറ്റുപുഴ- പെരുമ്പാവൂര്‍ റോഡിലുള്ള മണ്ണൂരില്‍ ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. കുട്ടിയുള്‍പ്പെടെ നാലുപേര്‍ കാറില്‍ ഉണ്ടായിരുന്നു. ജിനേഷിന്റെ ഭാര്യ അഞ്ജു, മകന്‍, ജിനീഷിന്റെ മാതാവ് കോമളവല്ലി എന്നിവര്‍ക്കും ജിനേഷിന്റെ ബന്ധു രാജേഷിനും ഗുരുതരമായി പരിക്കേറ്റു ഇവരെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം തിരുമാങ്കായിയില്‍ നിന്നും വാഗമണ്ണിലേക്ക് വിനോദയാത്ര പോവുകയായിരുന്നു സംഘം. എം.സി റോഡില്‍ ഭാരത് പെട്രോളിയം പമ്പിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയിലേക്ക് എതിര്‍ദിശയില്‍ നിന്ന് വന്ന ആള്‍ട്ടോ കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. നാട്ടുകാരും കുന്നത്തുനാട് പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടി പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. ജിനേഷ് ഫോട്ടോ ഗ്രാഫറാണ്, കോമളവല്ലി ആശാ പ്രവര്‍ത്തകയാണ്. ജിനേഷിന് ഡ്രൈവിംഗ് പരിചയക്കുറവുള്ളതിനാലാണ് ബന്ധുവായ രാജേഷിനെ കൂടെ കൂട്ടിയതെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.


 

Latest News