ലണ്ടന്‍ - മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള കരാര്‍ ഉഭയസമ്മതപ്രകാരം അവസാനിപ്പിച്ച ശേഷം ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ എങ്ങോട്ട്? പോര്‍ചുഗല്‍ വിംഗറുടെ അടുത്ത നീക്കം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ആരാധകര്‍. സാദിയൊ മാനെക്ക് പരിക്കേറ്റ സാഹചര്യത്തില്‍ ബയേണ്‍ മ്യൂണിക് താല്‍പര്യം പ്രകടിപ്പിച്ചതായാണ് സൂചന. ബാല്യകാല ക്ലബ്ബ് സ്‌പോര്‍ടിംഗ് ലിസ്ബണില്‍ തിരിച്ചെത്തുമെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ യുനൈറ്റഡിനെതിരെ രോഷപ്രകടനം നടത്തി ക്ലബ്ബ് വിട്ട സാഹചര്യം താരത്തെ ടീമിലെടുക്കുന്നതില്‍നിന്ന് മറ്റു കോച്ചുമാരെ പിന്തിരിപ്പിക്കും. സൗദി അറേബ്യയിലെ ഒരു ക്ലബ്ബില്‍ നിന്ന് രണ്ടു വര്‍ഷത്തേക്ക് 35 കോടി യൂറോയുടെ വാഗ്ദാനമുണ്ടെന്ന് അഭിമുഖത്തില്‍ റൊണാള്‍ഡൊ വെളിപ്പെടുത്തിയിരുന്നു. റൊണാള്‍ഡോയുടെ ഭാവി ലോകകപ്പിലെ പോര്‍ചുഗലിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു. അവിടെ റൊണാള്‍ഡൊ മങ്ങിയാല്‍ ക്ലബ്ബുകളൊന്നും താല്‍പര്യം കാണിക്കാനിടയില്ല.
കഴിഞ്ഞ ജനുവരിയില്‍ തന്നെ റൊണാള്‍ഡൊ ക്ലബ്ബ് വിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മുപ്പത്തേഴുകാരന്‍ ഇപ്പോള്‍ പഴയ ഫോമിലല്ലെന്നതും കനത്ത പ്രതിഫലത്തുകയും മറ്റു ക്ലബ്ബുകളെ പിന്തിരിപ്പിച്ചു. യുനൈറ്റഡില്‍ തന്റെ പെരുമക്കൊത്ത പരിഗണന കിട്ടാത്തതില്‍ റൊണാള്‍ഡൊ കുപിതനായിരുന്നു. അപൂര്‍വമായേ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നല്‍കിയിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍ ഇരു കക്ഷികള്‍ക്കും സന്തോഷം നല്‍കുന്നതാണ് ഈ തീരുമാനം. ക്ലബ്ബ് വിടാന്‍ ഉറച്ചു തന്നെയാണ് ഉടമകളെയും കോച്ചിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന അഭിമുഖത്തിന് റൊണാള്‍ഡൊ തയാറായതെന്ന് വ്യക്തമാണ്. യുനൈറ്റഡിനു വേണ്ടി രണ്ട് ഘട്ടങ്ങളിലായി 346 കളികളില്‍ 145 ഗോളടിച്ച താരത്തിന് ക്ലബ്ബ് നന്ദി പറഞ്ഞു. യുനൈറ്റഡില്‍ ആഴ്ചയില്‍ അഞ്ചു ലക്ഷം പൗണ്ടാണ് റൊണാള്‍ഡോയുടെ പ്രതിഫലം. 2003 ല്‍ ടീനേജറായി യുനൈറ്റഡിലെത്തിയ റൊണാള്‍ഡൊ അവിടെ വെച്ചാണ് അസാമാന്യ പ്രതിഭയായി വളര്‍ന്നത്. ആറു വര്‍ഷത്തിനു ശേഷം റയല്‍ മഡ്രീഡില്‍ ചേര്‍ന്നു. തുടര്‍ന്ന് മൂന്നു വര്‍ഷം യുവന്റസിനും കളിച്ചു. കഴിഞ്ഞ സീസണിലാണ് യുനൈറ്റഡില്‍ തിരിച്ചെത്തിയത്.