ദോഹ- ഇന്നലെ ദോഹ ലൂസൈൽ സ്‌റ്റേഡിയത്തിൽ കണ്ടത് ലോകകപ്പ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ അട്ടിമറികളിലൊന്നായിരുന്നു. കിരീടപ്രതീക്ഷയുമായെത്തിയ മെസ്സിയുടെ അർജന്റീനയെ സൗദി അറേബ്യ 2-1ന് ഞെട്ടിച്ചു. സൗദിയുടെ ഫുട്‌ബോൾ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ വിജയം. എന്നാൽ ലോകകപ്പ് ഇത്തരം അട്ടിമറികൾക്ക് മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അവയിൽ ചിലത് ചുവടെ.
1950- ചാമ്പ്യന്മാരാകുമെന്ന പ്രതീക്ഷയിൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ പങ്കെടുക്കാനെത്തിയ ഇംഗ്ലണ്ടിലെ തീർത്തും അമച്വർ എന്ന് വിശേഷിപ്പിക്കപ്പെട്ട അമേരിക്ക 1-0ന് അട്ടിമറിച്ചു. ബെലോ ഹൊറിസോണ്ടെയിൽ നടന്ന മത്സരത്തിൽ ജോ ഗെയ്‌റ്റ്യെൻസാണ് അമേരിക്കയുടെ ചരിത്ര ഗോൾ അടിച്ചത്. ഇംഗ്ലണ്ട് കളിച്ച ആദ്യ ലോകകപ്പായിരുന്നു അത്.
1966- പാക് ഡൂ ഇക് നേടിയ ഏക ഗോളിന് വടക്കൻ കൊറിയ ഇറ്റലിയെന്ന വൻ മരത്തെ വീഴ്ത്തി. ആദ്യ റൗണ്ടിൽതന്നെ അസൂറികൾ പുറത്ത്. റോമിൽ തിരിച്ചെത്തിയ ഇറ്റാലിയൻ ടീമിനു നേരെ രോഷാകുലരായ ഫുട്‌ബോൾ പ്രേമികൾ തക്കാളിയെറിഞ്ഞു. ക്വാർട്ടർ വരെ മുന്നേറിയ വടക്കൻ കൊറിയ യുസേബിയോയുടെ പോർച്ചുഗലിനോട് 5-3ന് തോറ്റു.
1982- ലോകകപ്പ് ലക്ഷ്യമിട്ടാണ് പശ്ചിമ ജർമനി സ്‌പെയിനിലെത്തിയത്. എന്നാൽ ആദ്യ മത്സരത്തിൽ തികച്ചും അപ്രതീക്ഷിതമായി അൾജീരിയ 2-1ന് അവരെ ഞെട്ടിച്ചു. റബാഹ് മാജ്ദറും, ലഖ്ദാർ ബെല്ലൂമിയുമായിരുന്നു അൾജീരിയയുടെ ഗോളുകൾ നേടിയത്. കാൾ റൂമിനെഗ്ഗെ ജർമനിയുടെ ആശ്വാസ ഗോൾ അടിച്ചു. പിന്നീട് അൾജീരിയ ഗ്രൂപ്പ് ഘട്ടം കടക്കാതിരിക്കാൻ ജർമനിയും ഓസ്ട്രിയയും ഒത്തുകളിച്ചത് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ നാണം കെട്ട സംഭവമായി. എങ്കിലും ജർമനി പിന്നീട് ഫൈനലിലെത്തി.
1990- ചാമ്പ്യന്മാരായെത്തിയ ഡീഗോ മറഡോണയുടെ അർജന്റീനയെ റോജർ മില്ലയുടെ കാമറൂൺ 1-0ന് അട്ടിമറിച്ചു. ഫ്രാങ്കോ ഒമാംബിയിക് ആയിരുന്നു നിർണായക ഗോൾ നേടിയത്. അട്ടിമറിയോടെ തുടങ്ങിയെങ്കിലും അർജന്റീന ഫൈനൽ വരെ മുന്നേറി. ഫൈനലിൽ ജർമനിയോട് തോറ്റു. കാമറൂൺ ലോകകപ് ക്വാർട്ടറിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ ടീമായി.
2002- ലോക, യൂറോപ്യൻ ചാമ്പ്യൻമാർ എന്ന ഖ്യാതിയുമായെത്തിയ സിനദിൻ സിദാന്റെ ഫ്രാൻസിനെ സെനഗാൾ ഉദ്ഘാടന മത്സരത്തിൽ 1-0നു ഞെട്ടിച്ചു. പാപ ബൂബ ദിയൂപ് ആയിരുന്നു സ്‌കോറർ. ഏഷ്യയിൽ നടന്ന ആദ്യ ലോകപ്പിൽനിന്ന് നിലവിലെ ചാമ്പ്യന്മാർ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.