കൊച്ചി- ഡാന്‍സ് ബാറില്‍ കുഴഞ്ഞു വീണ മോഡലിനെ ഓടുന്ന കാറില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ നാല് പ്രതികളെയും കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി ഇരയുടെ സുഹൃത്ത് രാജസ്ഥാന്‍ സ്വദേശിനി ഡിംപള്‍ ലംബ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ആസൂത്രിതവും മൃഗീയവുമായ കുറ്റകൃത്യമാണ് പ്രതികള്‍ നടത്തിയതെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് അഞ്ച് ദിവസം പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. കസ്റ്റഡിയില്‍ വാങ്ങിയ പ്രതകളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. നാല് പ്രതികളെയും എറണാകുളം രവിപുരത്തുള്ള ഡാന്‍സ് ബാറിലും സഞ്ചരിച്ച വഴികളിലും വാഹനം നിര്‍ത്തി ഭക്ഷണം കഴിച്ച ഹോട്ടലിലും ഒടുവില്‍ യുവതിയെ ഇറക്കിവിട്ട കാക്കനാട്ടെ ഫഌറ്റിന് സമീപവുമെത്തിച്ച് തെളിവെടുപ്പ് നടത്തും.
സംഭവ ദിവസം വാഹനത്തില്‍ നടന്നത് ക്രൂരമായ കൂട്ട ബലാത്സംഗമാണെന്ന് അന്വേഷണ സംഘം എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിക്ക് മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു പീഡനം. വാഹനത്തില്‍ ഹോട്ടലിന് പുറത്ത് പാര്‍ക്കിംഗ് ഏരിയയില്‍ വെച്ചും പൊതുനിരത്തില്‍ വെച്ചും യുവതി പീഡിപ്പിക്കപ്പെട്ടു. എല്ലാത്തിനും പ്രതി ഡിംപള്‍ ലാമ്പയാണ് ഒത്താശ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
എന്നാല്‍ തന്റെ കക്ഷിക്ക് ബലാല്‍സംഗവുമായി ബന്ധമില്ലെന്നും യുവതിയെ യുവാക്കള്‍ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ അവര്‍ ബാറിനകത്തായിരുന്നുവെന്നും ബലാല്‍സംഗത്തിന്റെ ആസൂത്രകയെന്ന് പോലീസ് വിശേഷിപ്പിക്കുന്ന ഡിംപിള്‍ ലാംബയുടെ അഭിഭാഷകന്‍ വാദിച്ചു. ഡിംപിളിനെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടി പോലും ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ കോടതി ഇത്് പരിഗണിക്കാന്‍ തയ്യാറായില്ല.
കസ്റ്റഡിയില്‍ ലഭിച്ച പ്രതികളില്‍ നിന്ന് പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പോലീസിന്റെ ശ്രമം. ഡിംപിള്‍ ലാംബയുടെ ഫോണ്‍ കണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് കണ്ടെടുത്ത് വിശദമായ പരിശോധന നടത്തിയാല്‍ പ്രതികളും ഡിംപിളും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന് കരുതുന്നു. മുഖ്യപ്രതി വിവേകും ഡിംപിളുമായി പല സംസ്ഥാനങ്ങളിലും പോയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഡിംപിള്‍ അടിക്കടി കൊച്ചിയിലെത്തുന്നത് മോഡലിംഗിന് മാത്രമാണോ അതോ സെക്‌സ് റാക്കറ്റിന്റെ ഭാഗമായാണോ എന്നും പോലീസിന് ഉത്തരം ലഭിക്കേണ്ടതുണ്ട്.