ദോഹ - സൗദി അറേബ്യ ഒരിക്കലും ലോകകപ്പില്‍ നന്നായി തുടങ്ങാറില്ല. എല്ലാ ലോകകപ്പുകളിലും അവര്‍ ആദ്യ മത്സരം തോല്‍ക്കുകയാണ് ചെയ്തത്. ഇത്തവണ അവര്‍ പതിവ് തിരുത്തി. പക്ഷെ ഇത്തവണ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് അവര്‍ തിരക്കഥയെഴുതിയത്. രണ്ടാം പകുതിയിലെ തിരിച്ചുവരവ് ലോക ഫുട്‌ബോളില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തപ്പെടും. 1990 ല്‍ റോജര്‍ മില്ലയുടെ കാമറൂണ്‍ ഡിയേഗൊ മറഡോണയുടെ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ അട്ടിമറിച്ചതിനോട് കിടപിടിക്കും ഈ വിജയം.
എല്ലാ ചരിത്രവും സൗദിക്കെതിരായിരുന്നു. റാങ്കിംഗില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്താണ്, സൗദി 51ാമതും. ഘാന മാത്രമാണ് ടൂര്‍ണമെന്റില്‍ സൗദിയെക്കാള്‍ റാങ്കിംഗ് കുറഞ്ഞ ടീം. ആദ്യ പകുതിയില്‍ സൗദി ചിത്രത്തിലേ ഇല്ലായിരുന്നു. അഞ്ച് ഗോളിനെങ്കിലും അര്‍ജന്റീനക്ക് മുന്നിലെത്താമായിരുന്നു. സൗദിക്ക് ഒരു തവണ പോലും ഗോളിലേക്ക് ഷോട്ട് പായിക്കാനായില്ല. എങ്ങനെ 45 മിനിറ്റ് കൂടി അതിജീവിക്കും എന്നാലോചിക്കുന്നതു പോലെയാണ് സൗദി കളിക്കാര്‍ ഇടവേളക്ക് പോയത്. എന്നാല്‍ ഇടവേളക്കു ശേഷമുള്ള അഞ്ച് മിനിറ്റ് കളി കീഴ്‌മേല്‍ മറിഞ്ഞു. സാലിഹ് അല്‍ശഹ്‌രി ഇടതു ഭാഗത്തു കൂടെ ബോക്‌സിലേക്ക് കയറി നിറയൊഴിച്ചു. പക്ഷെ സാലിം അല്‍ദോസരിയുടെ ഗോള്‍ ടൂര്‍ണമെന്റിലെ മിന്നുന്ന ഷോട്ടുകളിലൊന്നായി ചര്‍ച്ച ചെയ്യപ്പെടും.
പിന്നിലായ ശേഷം അര്‍ജന്റീനക്ക് തിരിച്ചുവരാന്‍ വേണ്ട രണ്ടു ഘടകങ്ങള്‍ സംയമനവും ഗോള്‍മുഖത്തുള്ള കൃത്യതയുമായിരുന്നു. രണ്ടും അവര്‍ക്കില്ലാതെ പോയി. 1990 ല്‍ കാമറൂണിന് തോറ്റ ശേഷവും അര്‍ജന്റീന ഫൈനലിലെത്തിയത് കളിക്കാര്‍ ഓര്‍മിക്കേണ്ടതായിരുന്നു. റഷ്യയിലെ ലോകകപ്പില്‍ അരങ്ങേറ്റക്കാരായ ഐസ്‌ലന്റുമായി സമനില പാലിച്ചാണ് അര്‍ജന്റീന തുടങ്ങിയത്. ഗ്രൂപ്പ് ഘട്ടം കടക്കാന്‍ വെള്ളം കുടിച്ചു. ഇത്തവണയും മറ്റൊരു കഠിനപാതയാണ് മുന്നില്‍.
തുടക്കത്തില്‍തന്നെ മെസ്സിയുടെ ഗോളെന്നുറച്ച ഷോട്ട് മുഹമ്മദ് അല്‍ഉവൈസ് പറന്ന് തട്ടിത്തെറിപ്പിച്ചു. വീണുകിട്ടിയ പെനാല്‍ട്ടിയിലൂടെ ലീഡ് നേടിയ ശേഷം മൂന്നു തവണ വലയില്‍ പന്തെത്തിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ ഓഫ്‌സൈഡായി.
സൗദിയുടെ ഗോള്‍ വരള്‍ച്ച
ഗോളടിക്കാന്‍ കഴിയാത്ത ടീമായാണ് സൗദി ലോകകപ്പിന് വന്നത്. സന്നാഹ മത്സരങ്ങളിലൊക്കെ ടീം തപ്പിത്തടഞ്ഞു. അവസാന മത്സരത്തില്‍ റിയാദില്‍ ക്രൊയേഷ്യക്കെതിരെ തകര്‍ത്തു കളിച്ചിട്ടും ഗോളടിക്കാനായില്ല. പക്ഷെ അഞ്ചു മിനിറ്റിനകം അവര്‍ രണ്ടു തവണ ലക്ഷ്യം കണ്ടു. അതിനു ശേഷം ഗോള്‍ മടക്കാന്‍ അര മണിക്കൂറിലേറെ ലഭിച്ചിരുന്നു അര്‍ജന്റീനക്ക്. പക്ഷെ ബോക്‌സിലേക്ക് നിരന്തരം ക്രോസ് നല്‍കുന്നതില്‍ അവസാനിച്ചു അവരുടെ ഗെയിം പ്ലാന്‍. അതൊക്കെ നിഷ്പ്രയാസം സൗദി പ്രതിരോധം നിര്‍വീര്യമാക്കി.
ആയിരക്കണക്കിന് സൗദി ആരാധകരാണ് അതിര്‍ത്തി കടന്ന് ഖത്തറിലെത്തിയത്. സൗദിക്ക് നോക്കൗട്ട് റൗണ്ടിലെത്താമെന്ന് അവര്‍ മാത്രമാണ് വിശ്വസിക്കുന്നതെന്നു തോന്നി. അവര്‍ പോലും അര്‍ജന്റീനക്കെതിരെ ജയം പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ചും ഖത്തറും ഇറാനും തോറ്റ രീതി കണ്ടപ്പോള്‍.
എന്നാല്‍ യോഗ്യതാ റൗണ്ടില്‍ ആറു കളികളില്‍ ഗോള്‍വഴങ്ങാതിരുന്ന ടീമിന്റെ പ്രതിരോധ കരുത്ത് രണ്ടാം പകുതിയില്‍ കണ്ടു. ആ പ്രതിരോധത്തിന് മുന്നില്‍ അര്‍ജന്റീന വഴി കാണാതെ കുഴങ്ങി.