കൊച്ചി- കലോത്സവം കഴിഞ്ഞ് വരുന്നതിനിടെ വാഹനത്തില്‍ വെച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരമായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിട്ടും പീഡനവിവരം മറച്ചുവെക്കുകയും പ്രതിയെ സംരക്ഷിക്കുകയും ചെയ്തതിനാണ് നടപടി. തൃപ്പൂണിത്തുറ കോടതിയില്‍ ഹാജരാക്കിയ അധ്യാപകരെ ജാമ്യത്തില്‍ വിട്ടു. വിദ്യാര്‍ഥിനിയെ പീഢിപ്പിച്ച അധ്യാപകനായ കിരണ്‍കുമാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അധ്യാപകനില്‍ നിന്നുണ്ടായ ദുരനുഭവം തൊട്ടടുത്ത ദിവസം തന്നെ വിദ്യാര്‍ഥിനി സ്‌കൂളില്‍ അറിയിച്ചിരുന്നു. എന്നാല്‍ പോലീസിനെ അറിയിക്കാന്‍ അധ്യാപകര്‍ തയ്യാറായില്ലെന്ന് മാത്രമല്ല, വിദ്യാര്‍ഥിനിയുടെ അമ്മയെ വിളിച്ചുവരുത്തി പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. സ്‌കൂളില്‍ കൗണ്‍സലിംഗിനെത്തുന്ന താല്‍ക്കാലിക അധ്യാപിക വഴിയാണ് പോലീസ് വിവരമറിഞ്ഞതും കേസെടുത്തതും. ഈ അധ്യാപികക്ക് കുട്ടി പരാതി എഴുതി നല്‍കിയിരുന്നു. ഇത് പിന്‍വലിക്കാനാണ് അമ്മയെ വിളിച്ചുവരുത്തി ആവശ്യപ്പെട്ടത്. സംഭവം കേസായാല്‍ പെണ്‍കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്ന് പറഞ്ഞാണ് സമ്മര്‍ദം ചെലുത്തിയത്. എന്നാല്‍ അവര്‍ പരാതിയില്‍ നിന്നു പിന്‍മാറാന്‍ തയ്യാറായില്ല. അധ്യാപകര്‍ സമ്മര്‍ദം ചെലുത്തിയ കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു. ഇതോടെ ഇവരും കേസില്‍ പ്രതിചേര്‍ക്കപ്പെടുകയായിരുന്നു. അധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായ നാടുവിട്ട അധ്യാപകനെ കഴിഞ്ഞ ദിവസം നാഗര്‍കോവിലിലെ ബന്ധുവീട്ടില്‍ നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവമുണ്ടായത്. ബസ് സമരമായതിനാല്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അധ്യാപകനൊപ്പമാണ് വിദ്യാര്‍ത്ഥിനിയെ മാതാപിതാക്കള്‍ അയച്ചത്. തുടര്‍ന്ന് പൊന്നുരുന്നിയില്‍ കലോത്സവം കഴിഞ്ഞ് ബൈക്കില്‍ വരുന്നതിനിടെ അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.