റിയാദ് - ലോകകപ്പില്‍ സൗദി-അര്‍ജന്റീന മത്സരത്തിന്റെ ആദ്യാവസാനം ടെലിവിഷന്‍ സ്‌ക്രീനിനു മുന്നില്‍ നിലയുറപ്പിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി അഭിമാനനേട്ടം കൈവരിച്ചതോടെ കാരുണ്യവനായ നാഥന് നന്ദിയര്‍പ്പിച്ചുകൊണ്ട് സുജൂദില്‍ വീണു.
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും സഹോദരന്മാരും റിയാദിലെ കൊട്ടാരത്തില്‍ വെച്ചാണ് മത്സരം വീക്ഷിച്ചത്. മത്സരം പൂര്‍ത്തിയായതോടെ കിരീടാവകാശി അല്ലാഹുവിനോടുള്ള നന്ദി പ്രകടിപ്പിച്ച് സുജൂദ് നിര്‍വഹിക്കുകയും സഹോദരന്മാരെ ആശ്ലേഷിച്ച് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ആദ്യാവസാനം ടി.വി സ്‌ക്രീനിനു മുന്നില്‍ നിന്നുകൊണ്ടാണ് കിരീടാവകാശിയും ഒപ്പമുള്ളവരും മത്സരം വീക്ഷിച്ചത്.
ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ പ്രഥമ മത്സരത്തില്‍ ലോക ഫുട്‌ബോള്‍ രാജാക്കന്മാരായ അര്‍ജന്റീനയെയാണ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സൗദി ടീം പരാജയപ്പെടുത്തിയത്. സൗദി നേടിയ അട്ടിമറി വിജയത്തില്‍ രാജ്യമെങ്ങും ആവേശത്തിമര്‍പ്പിലാണ്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലും അത്ഭുതങ്ങളിലും ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന സൗദി ടീമിന്റെ മിന്നും വിജയം ഫുട്‌ബോള്‍ പ്രേമികളെ ആഘോഷത്തിമര്‍പ്പിലാക്കി.