മലപ്പുറം / കോഴിക്കോട് - മുഖ്യമന്ത്രി മോഹവുമായല്ല തന്റെ പര്യടനമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. ഇപ്പോഴത്തെ എന്റെ ഉത്തരവാദിത്തം പാർലമെന്റ് അംഗം എന്ന നിലയിലാണെന്നും ജനങ്ങൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ ഉയർത്തിക്കാണിക്കുന്നുണ്ടെങ്കിൽ അത് അവരുടെ സ്‌നേഹമായി കാണാനാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തപ്പെടുമോ എന്നൊക്കെ ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമല്ല. ഇതേക്കുറിച്ചൊക്കെ എന്നോട് പലരും പല അഭിപ്രായങ്ങളും ചോദിച്ചതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കുപ്പായം തയ്ച്ചവരാണ് തരൂർ വിലക്കിന് പിന്നിലെന്ന കെ മുരളീധരന്റെ പ്രസ്താവന ചൂണ്ടിക്കാണിച്ചപ്പോൾ അതൊന്നും തനിക്കറിയില്ലെന്നും ആരാണെന്ന് മുരളീധരൻ തന്നെ വിശദീകരിക്കട്ടെയെന്നുമായിരുന്നു തരൂരിന്റെ മറുപടി. ഞാൻ അങ്ങനെ ഒരു ഉദ്ദേശ്യത്തിലല്ല ഇറങ്ങിയത്. അതേസമയം, തനിക്ക് പല കാര്യങ്ങളിലും കേരളത്തെക്കുറിച്ച് അടക്കം സുവ്യക്തമായ അഭിപ്രായങ്ങളും ചിന്തകളുമുണ്ടെന്നും തരൂർ വ്യക്തമാക്കി.
ഇന്ന് രാവിലെ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തിയ തരൂർ ലീഗ് നേതാക്കളുമായി സൗഹൃദ ചർച്ചകളിലാണ്. സമകാലിക രാഷ്ട്രീയ വിഷയങ്ങളെല്ലാം ചർച്ചയിൽ ഇടം പിടിക്കുമെന്നാണ് വിവരം.