Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹൈദരാബാദ് പ്ലേഓഫിൽ; ദൽഹി പുറത്ത്‌

റിഷഭ് പന്ത്..  അണഞ്ഞു പോയ ആഘോഷം

ദൽഹി - റിഷഭ് പന്തിന്റെ തട്ടുതകർപ്പൻ കന്നി സെഞ്ചുറിക്ക് തുല്യനാണയത്തിൽ മറുപടി കൊടുത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ് ഈ ഐ.പി.എൽ സീസണിൽ പ്ലേഓഫ് ഉറപ്പാക്കുന്ന ആദ്യ ടീമായി. റിഷഭിന്റെ കരുത്തിൽ ദൽഹി ഡെയർഡെവിൾസ് നേടിയ അഞ്ചിന് 187 വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു. പൊതുവെ വലിയ സ്‌കോർ പടുത്തുയർത്താറില്ലാത്ത ഹൈദരാബാദ് അവസരത്തിനൊത്തുയർന്നാണ് ഒമ്പത് വിക്കറ്റിന്റെ ഉജ്വല വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റൻ കെയ്ൻ വില്യംസനും (53 പന്തിൽ 83 നോട്ടൗട്ട്) ഓപണർ ശിഖർ ധവാനും (50 പന്തിൽ 92 നോട്ടൗട്ട്) പുറത്താവാതെ നിന്നു. സ്‌കോർ: ദൽഹി അഞ്ചിന് 187, ഹൈദരാബാദ് 18.5 ഓവറിൽ ഒന്നിന് 191.
റിഷഭിന്റെ തട്ടുതകർപ്പൻ സെഞ്ചുറിയിലൂടെ വൻ സ്‌കോറിലേക്ക് കുതിച്ചെങ്കിലും ദൽഹിയുടെ കഷ്ടകാലം മാറിയില്ല. റിഷഭ് അവസാന മൂന്നു പന്തിൽ സിക്‌സറും അവസാന ഓവറിൽ 26 റൺസും വാരി ഉജ്വല കുതിപ്പാണ് നടത്തിയത്. എന്നാൽ ക്യാപ്റ്റൻ വില്യംസനും ശിഖർ ധവാനും ഒത്തുപിടിച്ചതോടെ ഹൈദരാബാദ് അനായാസം ലക്ഷ്യം കണ്ടു.
56 പന്തിൽ സെഞ്ചുറി തികച്ച റിഷഭ് 63 പന്തിൽ 128 റൺസുമായി പുറത്താവാതെ നിന്നു. ഏഴ് സിക്‌സറും 15 ബൗണ്ടറിയുമാണ് റിഷഭ് പറത്തിയത്. ടൂർണമെന്റിലെ ഏറ്റവും മികച്ച ബൗളറായ ഭൂവനേശ്വർകുമാറിനെ അക്ഷരാർഥത്തിൽ പിച്ചിച്ചീന്തി. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും (3) ഹർഷൽ പട്ടേലിന്റെയും (17 പന്തിൽ 24) റണ്ണൗട്ടിന് കാരണക്കാരനായതിന് റിഷഭ് പ്രായശ്ചിത്തം ചെയ്തു. ടീമിന്റെ സ്‌കോറിൽ 69 ശതമാനത്തോളമായിരുന്നു റിഷഭിന്റെ സംഭാവന. ചരിത്രത്തിലെ ആദ്യത്തെ ഐ.പി.എൽ മത്സരത്തിൽ ബ്രൻഡൻ മക്കല്ലമാണ് ഇതിനേക്കാൾ കൂടുതൽ ടീം സ്‌കോറിൽ സംഭാവന ചെയ്തത്. അവസാന നാലോവറിൽ നേരിട്ട 18 പന്തിൽ റിഷഭ് 59 റൺസടിച്ചു. ഓപണർമാരായ പൃഥ്വി ഷായെയും (9) ജെയ്‌സൻ റോയിയെയും (11) ശ്രേയസിനെയും (3) നഷ്ടപ്പെട്ട് ടീം പതറുമ്പോഴാണ് റിഷഭ് രക്ഷകനായത്. പിന്നീട് ഹർഷൽ ഒഴികെ ആരും കൂട്ടു നൽകിയില്ലെങ്കിലും റിഷബ് ഒരറ്റത്ത് തീ തുപ്പി.
ഹൈദരാബാദിന് അലക്‌സ് ഹെയ്ൽസിനെ (14) രണ്ടാം ഓവറിൽ തന്നെ നഷ്ടപ്പെട്ടെങ്കിലും വില്യംസനും ശിഖറും പതിനേഴോവറിൽ 176 റൺസടിച്ചു.

 

Latest News