Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തരൂർ ഗെയിമുകളുടെ പര്യവസാനം എങ്ങനെയാവും?

കോഴിക്കോട് - ലീഡർ കെ കരുണാകരനും എ.കെ ആന്റണിയും വടംവലിച്ച കോൺഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം ഉമ്മൻചാണ്ടി-ചെന്നിത്തല കോക്കസുകൾക്കു പിന്നാലെ കെ.സി വേണുഗോപാൽ, വി.ഡി സതീശൻ, കെ സുധാകരൻ ത്രയങ്ങളിൽ തപ്പിത്തടയുകയാണ്. അതിനിടയ്ക്കാണ് പുതിയൊരു ദളത്തിനുള്ള സാധ്യത കൂടി ശശി തരൂർ തുറന്നിട്ടത്. അവിടേക്കാണ് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ മുരളീധരന്റെ മുഖ്യമന്ത്രിക്കസേര സ്വപ്‌നം കണ്ടിരിക്കുന്നവർക്കു നേരെയുള്ള ഉന്നം. സീനിയർ നേതാക്കൾക്കിടയിൽ പോലും ഭിന്നതയുടെ ആഴം കൂട്ടി, കാര്യങ്ങൾ അപകടത്തിലേക്ക് നയിക്കുമോ എന്ന ഭീതിയിൽ കോൺഗ്രസ് അധ്യക്ഷൻ പാർട്ടിയെ ക്ഷയിപ്പിക്കുന്ന പരസ്യപ്രസ്താവനകൾക്ക് വിലക്കു കൽപ്പിച്ചിരിക്കുകയാണ്.

  സത്യത്തിൽ തരൂരിയൻ പൊളിട്ടിക്കൽ ഗെയിമുകളുടെ പര്യവസാനം എങ്ങനെയാവും? തരൂർ കേരള രാഷ്ട്രീയത്തിലോ അതോ ദേശീയ
രാഷ്ട്രീയത്തിലോ എവിടെയാണ് കളം ഉറപ്പിക്കുകയെന്ന് ഇപ്പോഴും തീർത്തുപറയാറായിട്ടില്ല. പ്രധാനമായും രണ്ടു സാധ്യതകളെ ആശ്രയിച്ചാണത് നിലനിൽക്കുന്നത്. ഒന്ന്, ദേശീയ തലത്തിലാണെങ്കിൽ രാഹുൽ ഗാന്ധിയുടെ വരവിനത് വിദൂരഭാവിയിൽ പോലും വെല്ലുവിളിയാവരുത്. ഒപ്പം ഹൈക്കമാൻഡിന്റെ വിശ്വസ്ത വലയത്തിലുള്ള കെ.സി വേണുഗോപാലിന് പണി കൊടുക്കുകയും അരുത്.
 രണ്ട്, കേരളത്തിലെങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുതൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വരെയുള്ളവർക്കും ഭീഷണി ആവരുത്. പക്ഷേ, ഇത് രണ്ടും എളുപ്പമുള്ള കാര്യമല്ല. എന്നാൽ തരൂരിനെ സംബന്ധിച്ച് ഇതിലേതെങ്കിലും ഒന്ന് നടന്നേ പറ്റൂ. അവിടെയാണ് കാര്യങ്ങൾ.

 സ്വന്തം പാർട്ടിയിൽ മാത്രമല്ല പാർട്ടിക്കപ്പുറമുള്ള പ്രവർത്തകരിൽ പോലും തരൂരിനെ ഏറ്റെടുക്കാൻ, പ്രതീക്ഷ പരത്തിയ സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ തരൂരിനെ കോൺഗ്രസ് എങ്ങനെ ഉപയോഗിക്കും എന്നതിനെ ആശ്രയിച്ചാണ് ഇരുകൂട്ടരുടെയും ഭാവി. എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നോമിനിക്കെതിരെ നിന്നിട്ടും തന്റെ പഴയ സതീർത്ഥ്യരായ ജി-23 നേതാക്കൾ അടക്കം പിന്തുണക്കാതിരുന്നിട്ടും മികച്ച പ്രകടനം കാഴ്ചവെച്ച് പാർട്ടിയുടെ അഭ്യന്തര ജനാധിപത്യത്തിൽ പുത്തനുണർവ് പകരാൻ ശശി തരൂരിനായിട്ടുണ്ട്. തോൽവി പ്രതീക്ഷിച്ചെങ്കിലും, തന്റെ ലക്ഷ്യത്തിലേക്കുള്ള ചുവടുകളിൽ ഒന്നു മാത്രമായിരുന്നു തരൂരിന് സംഘടനാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം. അത് അദ്ദേഹം ഭംഗിയായി നിറവേറ്റി, പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾക്കായി കാത്തുനിൽക്കുകയായിരുന്നു. പ്രത്യേകിച്ചും ഗുജറാത്ത് ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ താരപ്രചാരകരിൽ തരൂരിന്റെ പേര് പെടാതെ പോയതാണ് തരൂരിന്റെ പെട്ടെന്നുള്ള പ്രകോപനത്തിന് നിമിത്തമായത്. ഹൈക്കമാൻഡിനോ, നെഹ്‌റു കുടുംബത്തിനോ തരൂരിനെ അടുപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ പ്രതിഭ ഉപയോഗിക്കുന്നതിലും വലിയ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ ചില കേരള നേതാക്കളുടെ പിടിവാശിയാണ് ശശി തരൂരിനെ ഹൈക്കമാൻഡിൽനിന്നും അകറ്റുന്നത്. ഇതാണ് പൊടുന്നനെയുള്ള കേരള പര്യടനത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.
 അപ്പോഴേക്കും കേരളത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ വിവാദ ആർ.എസ്.എസ്.എസ് അനുകൂല-നെഹ്‌റുവിരുദ്ധ പ്രസംഗങ്ങളുമുണ്ടായി. ഇത് തരൂരിന്റെ വരവിന് കൂടുതൽ സ്വീകാര്യത പകർന്നു. പ്രത്യേകിച്ചും കോൺഗ്രസിലും മുസ്‌ലിം ലീഗിലുമെല്ലാം സുധാകരന്റെ പ്രസ്താവന വലിയ സംശയങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചു. ഒരു രക്ഷകനെ തേടുന്ന കോൺഗ്രസിനും യു.ഡി.എഫിനുമിടയിൽ ആ നിലയ്ക്കും ഒരു സ്‌പേസുണ്ടെന്ന തോന്നലിലേക്ക് തരൂരിനെ ഫിറ്റ് ചെയ്യൽ എളുപ്പമാക്കി.

  ഒപ്പം കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പരിപാടിക്കുണ്ടായ കോൺഗ്രസിന്റെ അപ്രഖ്യാപിത വിലക്കുകൂടി വന്നതോടെ തരൂരിന്റെ മാർക്കറ്റ് റേറ്റ് കൂട്ടി. പാർട്ടിയിലും മുന്നണിയിലും പലനിലയ്ക്കും അസംതൃപ്തി പുകയവെ തരൂർ വിലക്ക്  മാധ്യമങ്ങൾ ഏറ്റുപിടിച്ചതോടെ തരൂർ പ്രകമ്പനം പ്രതീക്ഷിക്കാത്ത ഓളങ്ങളുണ്ടാക്കി. ഇനിയും രാഷ്ട്രീയ പക്വത ആർജിക്കാത്ത വൈകാരിക ഗ്രൂപ്പുബാധകൾ ഉള്ളേടത്തോളം തരൂരിലെ ലിബറൽ നയങ്ങളും വികസനാശയങ്ങളും ലോകപൗരനെന്ന വിശേഷണവും അദ്ദേഹത്തിന് കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കുമെന്നു തന്നെയാണ് കരുതേണ്ടത്. 

 ഒരു കാര്യമോർക്കണം. തരൂർ, തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിൽ കന്നിയങ്കത്തിന് ഇറങ്ങുമ്പോൾ അന്ന് അദ്ദേഹത്തെ ഇസ്രായേൽ ചാരനാണെന്നു വിശേഷിപ്പിച്ചവർ പോലും ഇന്ന് തരൂരിന്റെ 'മദ്ഹ്' പറയുകയാണ്. മറ്റൊന്ന്, മുമ്പ് എൻ.എസ്.എസ് നേതാവ് നാരായണപ്പണിക്കർ തരൂരിനെ ദൽഹി നായരെന്ന് വിളിച്ച് അധിക്ഷേപിച്ചെങ്കിൽ ഇന്ന് അതേ മന്നം ജയന്തിയുടെ പരിപാടിയിലേക്ക് ഉത്സാഹപൂർവം സംഘാടകർ തരൂരിനെ ക്ഷണിക്കുന്നിടത്താണ് കാര്യങ്ങൾ. എസ്.എൻ.ഡി.പി ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനും തരൂരിനോട് അയിത്തമില്ല. വിവിധ മുസ്‌ലിം സംഘടനകൾക്കും സഭകൾക്കുമെല്ലാം സ്വീകാര്യൻ തന്നെ. കോൺഗ്രസിന്റെ അഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന് തീർത്തുപറയുമ്പോഴും മുസ്‌ലിം ലീഗ് നേതൃത്വവും തരൂരിൽ ഒരു രക്ഷകവേഷം പ്രതീക്ഷിക്കുന്നുണ്ട് എന്നതാണ് നേര്. 

 ഇതിനിടയ്ക്ക് രണ്ടും കൽപ്പിച്ചാണ് തരൂരിന്റെ പടപ്പുറപ്പാട്. അതാണ് മലബാർ പര്യടനത്തിലെ പല പ്രതികരണങ്ങളും തെളിയിക്കുന്നത്. തരൂരിനെതിരെ ആവനാഴിയിലെ സകല അസ്ത്രങ്ങളും എതിരാളികൾ പ്രയോഗിച്ചെങ്കിലും യുവാക്കളുടെ പിന്തുണയുണ്ടെന്ന കഥാകൃത്ത് ടി പത്മനാഭന്റെ പ്രശംസയോടൊപ്പം ഹാസ്യരൂപേണ മറ്റൊരു ഓർമപ്പെടുത്തൽ കൂടിയുണ്ടായി. എന്തുവന്നാലും പാർട്ടി വിട്ടുപോകരുതെന്നാണ് ആ ഉപദേശം. ഇതെല്ലാം തരൂരിലെ രാഷ്ട്രീയ ജീനിയസ്സിനോടുള്ള മലയാളികളുടെ ഇഷ്ടമാണ് അടിവരയിടുന്നത്. 

 സത്യത്തിൽ തരൂർ എവിടെയാണ് പൂർണമായി സ്റ്റിക്ക് ചെയ്യുകയെന്ന ചോദ്യം വളരെ പ്രധാനമാണ്. ഒരുകാര്യം വ്യക്തം. ശശി തരൂരിന് സ്വന്തം പാർട്ടിയിലുള്ളതിനേക്കാൾ ആളുകൾ പുറത്ത് പിന്തുണയ്ക്കാൻ തയ്യാറാണെന്ന സൂചനയാണ് സമകാലിക കേരളം നൽകിക്കൊണ്ടിരിക്കുന്നത്. മുസ്‌ലിം ലീഗ് നേതൃത്വത്തിന് എന്നു മാത്രമല്ല, കേരളത്തിലെ കാക്കത്തൊള്ളായിരം സംഘടനകൾക്കും ജാതി മതവിത്യാസമില്ലാതെ ശശി തരൂരിനെ പോലൊരു സ്വീകാര്യൻ ഇല്ലെന്നാണ് പ്രതികരണങ്ങൾ തെളിയിക്കുന്നത്. കോൺഗ്രസിന്, കേരളത്തിലെ യു.ഡി.എഫിന് അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടിക്കപ്പുറമുള്ള വോട്ടുകൾ ആകർഷിക്കാനും തരൂർ മികച്ച ആയുധമാണ്. അപ്പോഴും തരൂരിന്റെ പ്ലസും വലിയ മൈനസും ഒന്നാണ്. അന്ധമായ സംഘടനാ കക്ഷിത്വം ഇല്ലാ എന്നതാണത്. ഇത് ഏതളവുവരെ കോൺഗ്രസ് പൊറുപ്പിക്കും. അതനുസരിച്ചാണ് തരൂരിന്റെ അടുത്ത നീക്കമെന്നുറപ്പ്.

 പക്ഷേ, തരൂരിന്റെ കേരളത്തിലേക്കുള്ള വരവ് കെ സുധാകരനോ കെ സി വേണുഗോപാലിനോ അല്ല, വി.ഡി സതീശന്റെ സാധ്യതകളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. ഇതാവട്ടെ ചെന്നിത്തല മുതൽ കെ മുരളീധരൻ വരെയുള്ളവർക്ക് ഇഷ്ടപ്പെടാതിരിക്കാനും തരമില്ല. അതിനാൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയൊരു ദളം കൂടി പിറക്കുകയാണ്, താൽക്കാലികമായെങ്കിലും. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് മനസ്സ് തുറന്നില്ലെങ്കിലും അവിടെയും തരൂർ വിഷയത്തിൽ പൂർണമായൊരു യോജിപ്പിന്റെ തലം ഉയരാൻ സാധ്യതയില്ല. പ്രത്യേകിച്ചും തിരുവഞ്ചൂർ രാധാകൃഷ്ണനെ പോലുള്ളവരുടെ നിലപാട് അത്ര എളുപ്പത്തിൽ തരൂരിനെ പുൽകാൻ തയ്യാറായേക്കില്ല. എന്നാൽ ചെന്നിത്തലയെയും കെ.സി വേണുഗോപാലിനെയും വി.ഡി സതീശനെയും കെ സുധാകരനെയുമൊക്കെ അടിക്കാനോ സമ്മർദ്ദത്തിലാക്കാനോ ലഭിക്കുന്ന അവസരങ്ങളെ പൂർണമായും അവഗണിക്കുമെന്നും പറയാനാവില്ല.

  യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ മുസ്‌ലിം ലീഗിന്റെ മനസ്സ് തരൂരിനൊപ്പമാണ്. പക്ഷേ, പരസ്യമായി അങ്ങനെ നിലപാടെടുത്താൽ കേരളത്തിലെ യു.ഡി.എഫിൽ അന്തഛിദ്രത വളരുമെന്നും അത് മുന്നണിയുടെ കെട്ടുറപ്പിൽ വലിയ വിള്ളലുണ്ടാക്കുമെന്നും അവർക്കറിയാം. അതിനാൽ വളരെ സൂക്ഷിച്ചും ശ്രദ്ധിച്ചുമാവും ലീഗ് കരുക്കൾ നീക്കുക.

 പ്രതീക്ഷിച്ചത് കിട്ടിയില്ലെങ്കിൽ തരൂർ കോൺഗ്രസിനോട് രാജിയാകുമോ / പുതിയ അഭയകേന്ദ്രങ്ങളിൽ എത്തുമോ? എന്നതാണ് പ്രസക്തമായ മറ്റൊരു അന്വേഷണ വിഷയം. എന്തൊക്കെ പരിമിതികളുണ്ടെങ്കിലും തരൂരിന് ഏറ്റവും നല്ല രാഷ്ട്രീയ സാധ്യതകളുള്ളത് കോൺഗ്രസിൽ തന്നെയാണ്. കാരണം സി.പി.എമ്മിൽ പോയാൽ കിട്ടാനിരിക്കുന്ന പരമാവധി സാധ്യത സംസ്ഥാനത്ത് ഒരു മന്ത്രിസ്ഥാനം. ബി.ജെ.പിയാലാണെങ്കിൽ കേന്ദ്രമന്ത്രി സ്ഥാനം. ഇനി ആം ആദ്മി, തൃണമൂൽ കോൺഗ്രസ് പോലുള്ള സാധ്യതകൾ തേടിയാലും പരമാവധി ഒരു രാജ്യസഭാ എം.പി അതല്ലെങ്കിൽ അതത് സംസ്ഥാനത്തെ ഭരണസാധ്യതക്കനുസരിച്ച് ഒരു മന്ത്രിസ്ഥാനം മാത്രമാണ്. അതിനാൽ എന്തൊക്കെ പ്രശ്‌നങ്ങൾ പറഞ്ഞാലും കോൺഗ്രസിലാണ് തരൂരിന് കൂടുതൽ സാധ്യത തുറന്നുകിടക്കുന്നത്. അതിൽ നേരത്തിന്റെയും സമയത്തിന്റെയും പ്രായോഗിക പ്രശ്‌നങ്ങൾ മാത്രമേയുള്ളൂ. കേന്ദ്രമന്ത്രി മുതൽ കേരള മുഖ്യമന്ത്രിസ്ഥാനം വരെ തരൂരിന് വളരെ വിദൂരമല്ല. കാലം അതിവേഗം തിരുത്തലിലേക്കു പോയാൽ പ്രധാനമന്ത്രി പദവിയിലേക്കു വരേ സ്വപ്‌നം നെയ്യാനും വലിയ തടസ്സങ്ങളുണ്ടാവില്ല.

 കേരള നേതാക്കളായ കെ.സി വേണുഗാപോൽ, രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർക്കൊന്നും തരൂരിനെ കണ്ടുകൂടെങ്കിലും ഹൈക്കമാൻഡിന് അങ്ങനെ, പ്രത്യേകിച്ച് രാഹുൽ ഗാന്ധിക്കും സോണിയാഗാന്ധിക്കും അത്തരമൊരു നിലപാടേ ഇല്ല എന്നതാണ് വസ്തുത. തരൂർ കേന്ദ്രത്തിൽ ഭാവിയിൽ രാഹുലിന് വെല്ലുവിളി ആവില്ലെങ്കിൽ കേന്ദ്രത്തിൽ തുടരുന്നതിലും യാതൊരു പ്രശ്‌നവും ഗാന്ധി കുടുംബത്തിനുണ്ടാവില്ല. എന്നാൽ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും അദ്ദേഹത്തോട് ഒട്ടിനിൽക്കുന്ന കെ.സി മുതൽ ചെന്നിത്തല വരെയുള്ളവരുടെ പ്രീതിക്കുവേണ്ടി അവിടെ അടുപ്പിക്കാതിരിക്കുകയാണ്. ആ വിടവിലൂടെയാണ് തരൂർ സമർത്ഥമായി കേരളത്തിലേക്ക് കളം മാറ്റിപ്പിടിക്കാൻ ശ്രമിച്ചത്. അതാവട്ടെ അടി കിട്ടിയത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേർക്കും. തരൂരിന്റെ ഇടപെടൽ കാര്യമായ മങ്ങലേൽപ്പിക്കുക വി.ഡി സതീശന്റെ സാധ്യതകളിലാണ്. ഇതാകട്ടെ എ ഗ്രൂപ്പിൽ ചിലർക്കെങ്കിലും സന്തോഷത്തിന് വക നൽകുന്നുമുണ്ട്. എന്നാൽ സതീശൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയതോടെ പിണറായി സർക്കാറിനെതിരെ അളന്നുമുറിച്ച് കൃത്യമായ മറുപടി നൽകി പല കാര്യങ്ങളിലും സർക്കാറിനെയും ഗവർണറെയും പ്രതിരോധത്തിലാക്കിയെങ്കിലും പാർട്ടി സംവിധാനം സുധാകര പരുക്കിൽനിന്ന് മുക്തമാവാത്തതാണ് പാർട്ടിയും യു.ഡി.എഫ് സംവിധാനവും നേരിടുന്ന വെല്ലുവിളി. സുധാകരനെ മാറ്റണമെന്നത് എം.പിമാരായ കൊടിക്കുന്നിൽ സുരേഷ് മുതൽ ബെന്നി ബെഹനാൻ വരെയുള്ളവരുടെ ഊണിലും ഉറക്കിലുമുള്ള ചിന്തയുമാണ്. പക്ഷേ, അതിനൊന്നും ഹൈക്കമാൻഡ് എളുപ്പത്തിൽ വഴങ്ങണമെന്നില്ല.

കോൺഗ്രസ് നേതാക്കൾ തന്നെ പാർട്ടി വിലക്കില്ലെന്ന് കട്ടായം പറഞ്ഞിട്ടും കോഴിക്കോട് സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസിനെ പിൻവാങ്ങിപ്പിച്ചതിന് പിന്നിൽ ചരടുവലിച്ചവർക്കെതിരെ വിരൽ ചൂണ്ടാൻ പോലും പലരും ധൈര്യം കാണിച്ചിട്ടില്ല. തങ്ങൾക്കെതിരാണെന്ന് സ്വയം വിധി എഴുതി ഒരു പരിപാടി കേൾക്കാൻ പോലും ക്ഷമയില്ലാത്തവരായി പോയല്ലോ ഹൈക്കമാൻഡിൽ അടയിരിക്കുന്ന പലരും. ചെറുതും വലുതുമായ പലനേതാക്കളും കോൺഗ്രസ് വിട്ട് പുതുലാവണം തേടി പോകുമ്പോഴും അവരെ പിടിച്ചുനിർത്താൻ കഴിയാത്തവർ, പാർട്ടിയുടെ ജനപ്രിയ മുഖമായി ഒരാൾ ഉയർന്നുവരുന്നതിൽ ഇത്രമാത്രം അസഹിഷ്ണുത കാണിക്കുന്നത് എന്തിനാവും? ഇത് ഏത് പാർട്ടിയെ രക്ഷിക്കാനുള്ള പുറപ്പാടാണ്? ഗോഡ്ഫാദർമാരില്ലാതെ, തോൽവിയിലും ജയിക്കുന്ന ചില പോരാട്ടങ്ങളുണ്ട്. ആ പോരാട്ടങ്ങളുടെ തുടർച്ചയിലാണ് തരൂർ എന്ന് പറയുന്നതാവും കൂടുതൽ ശരി.

 ഇമേജുകളുടെ സുൽത്താനാണ് തരൂർ. യു.എനിൽ അണ്ടർ സെക്രട്ടറിയായിരിക്കുമ്പോഴാണ് അദ്ദേഹം ജയസാധ്യത ഒട്ടുമില്ലാതിരുന്നിട്ടും സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് കുപ്പായമിട്ടത്. അവസാനം അദ്ദേഹം പ്രതീക്ഷിച്ചത് പോലെ തോൽവിയിലും, നയതന്ത്ര ഇമേജുയർത്തി അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങി. ആ അവസരത്തിൽ ഡോ. മൻമോഹൻ സിംഗിന്റെ ഇടപെടലിലൂടെ അദ്ദേഹത്തെ കോൺഗ്രസ് ഇരുകൈയും നീട്ടി സ്വീകരിച്ചു. പിന്നീട് തിരുവനന്തപുരത്ത് സ്ഥാനാർത്ഥിത്വമായി, കേന്ദ്രമന്ത്രിയായി. പിന്നീട് ഓരോ ഘട്ടത്തിലും അദ്ദേഹം രാഷ്ട്രീയഇമേജ് ഉയർത്തിക്കൊണ്ടോയിരുന്നു. ആ ഗ്രാഫിന്റെ അടുത്ത പടിയാണോ മലബാർ പര്യടനത്തിലൂടെ തുടക്കമിട്ടതെന്ന് കാലം തെളിയിക്കുമായിരിക്കും. 

 പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാർ ഹാട്രിക് തികയ്ക്കാൻ കോപ്പുകൂട്ടവെ, അതിനെ പിടിച്ചുകെട്ടാൻ, പാർട്ടികൾക്കപ്പുറം ജനസമ്മിതിയുള്ള ഒരു നേതാവിനെ, നയതന്ത്രജ്ഞനെ, രാഷ്ട്രീയ ജീനിയസിനെ വേണമെന്ന് കേരളം ആഗ്രഹിച്ചാൽ അവിടേക്കുള്ള ഏറ്റവും എളുപ്പത്തിലുള്ള ചോയ്‌സിൽ തരൂരിനുള്ള സ്ഥാനം വളരെ വലുതാണെന്ന് തീർച്ച. കോൺഗ്രസിന്റെ നിലവിലുള്ള വോട്ടുകൾ നിലനിർത്തുന്നതോടൊപ്പം നഷ്ടമായ പരമ്പരാഗത വോട്ടുകളും ന്യൂജെൻ പുതുവോട്ടുകളും ആകർഷിക്കുന്നതോടൊപ്പം പാർട്ടിക്കോ മുന്നണിക്കോ ഒരിക്കലും കിട്ടാൻ ഇടയില്ലാത്ത വോട്ടുകളും ലഭ്യമാക്കാനുള്ള ഗെയിം കപ്പാസിറ്റി ശശി തരൂരിനുണ്ട്. പക്ഷേ, ആ സാധ്യതകളിലേക്ക് നേതൃത്വം എത്ര കണ്ട് നടന്നടുക്കും എന്നറിയില്ല. ഇനി നടന്നാലും അത് കോൺഗ്രസ് ഗ്രൂപ്പ് ബലാബലങ്ങളിലുണ്ടാക്കുന്ന അനുരണനങ്ങൾ പ്രവചിക്കുക എളുപ്പമല്ല. അപ്പോഴും, തരൂർ ബ്രാൻഡിന് പൊതുസമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത പാർട്ടി സംഘടനാ ചട്ടക്കൂടിൽ അതേപ്പടി ലഭ്യമാക്കാൻ ക്ഷമാപൂർവ്വമായ ചില കാത്തിരിപ്പുകൾ വേണ്ടി വന്നേക്കും. പ്രത്യേകിച്ചും പാർട്ടിയിലെ സീനിയോറിറ്റിയും സ്ഥാനമാനങ്ങളുമെല്ലാം പൊടുന്നനെ ഒരു പ്രചാരണത്തിൽ മുങ്ങിത്താഴാനുള്ള സാധ്യത നന്നേ കുറവായിരിക്കും. എന്തായാലും തരൂരിനെ അക്കമഡേറ്റ് ചെയ്യാനും മാർക്കറ്റ് ചെയ്യാനും ശ്രമിക്കുന്നതോടൊപ്പം പുതിയ പ്രശ്‌നങ്ങൾ ഉടലെടുക്കാത്തവിധത്തിൽ സംസ്ഥാന തലത്തിലായാലും ദേശീയ തലത്തിലായാലും രാഷ്ട്രീയവിവേകം നേതൃത്വം കാണിച്ചേ തീരൂ.

Latest News