കണ്ണൂര്‍- സര്‍ക്കാര്‍ ചിലവില്‍ 'ബുള്ളറ്റ് പ്രൂഫ് ആഡംബര കാര്‍' വാങ്ങുന്നു എന്ന വിവാദം മലയാളിയുടെ കണ്ണില്‍ പൊടിയിടാനുള്ള വിഫലശ്രമങ്ങളാണെന്ന് സി.പി.എം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജന്‍. വലതുപക്ഷ വര്‍ഗീയമാധ്യമങ്ങള്‍ ഈ ചെയ്തുകൊണ്ടിരിക്കുന്ന ഭാവനാവിലാസങ്ങള്‍ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു. പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ ഉത്തരവ് വലിയ വിവാദമായതിന് പിന്നാലെയാണ് വിശദീകരണം.
പരമാവധി 35 ലക്ഷം രൂപ വിലവരുന്ന വാഹനം വാങ്ങാനുള്ള അനുമതിയാണ് ലഭിച്ചത്. 35 ലക്ഷം തന്നെ വേണം എന്നല്ലെന്നും പി. ജയരാജന്‍ ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങള്‍ക്ക് സി.പി.എമ്മിന് എതിരെയുള്ള എന്തും വാര്‍ത്തയാണെന്ന് തുടങ്ങുന്ന പോസ്റ്റില്‍ ഒരിക്കല്‍ക്കൂടി മാധ്യമകുന്തമുന തനിക്ക് നേരെ തിരിഞ്ഞിരിക്കുന്നു എന്ന വിമര്‍ശനവും അദ്ദേഹം ഉന്നയിക്കുന്നു.
മാധ്യമങ്ങള്‍ ഭാവന ലോകത്തിരുന്ന് വാര്‍ത്ത സൃഷ്ടിക്കുകയാണെന്നും എന്നാല്‍ യാഥാര്‍ത്ഥ്യം അറിയാന്‍ ആഗ്രഹിക്കുന്നവരോടാണ് തന്റെ ഈ പോസ്‌റ്റെന്നും ആദ്ദേഹം പറയുന്നു. 'പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകളായാണ് ഖാദി ബോര്‍ഡ് അടക്കം ഏതു സ്ഥാനത്തേയും ഞാനെന്നും കാണുന്നത്. അവ നിര്‍വ്വഹിക്കുന്നതിന്റെ ഭാഗമായി നിരന്തരം ദീര്‍ഘയാത്രകള്‍ വേണ്ടിവരാറുണ്ട്. കാലപ്പഴക്കം കൊണ്ടും ഉപയോഗം കൊണ്ടും ആ വാഹനം മാറ്റേണ്ട നിലയില്‍ എന്നേ ആയിട്ടുണ്ട്. നിരന്തരമായി അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടി വരുന്ന ആ കാറില്‍ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താനാവാത്ത സ്ഥിതിയായിരുന്നു. ഈ അവസ്ഥയിലാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി ലഭിക്കുന്നത് എന്നാണ് പോസ്റ്റില്‍ പ്രധാനമായും പറയുന്നത്.