അല്‍ഐന്‍- പാര്‍ക്കില്‍ കളിക്കുന്നതിനിടെ തലയില്‍ ഊഞ്ഞാല്‍ വീണ് ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഏഴ് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ അല്‍ഐന്‍ അപ്പീല്‍ കോടതി വിധിച്ചു. കീഴ്‌കോടതി വിധി അംഗീകരിച്ച അപ്പീല്‍ കോടതി, നഷ്ടപരിഹാരത്തുക നാലു ലക്ഷത്തില്‍നിന്ന് ഏഴ് ലക്ഷമാക്കി ഉയര്‍ത്തുകയായിരുന്നു.
ഗുരുതര പരിക്കാണ് കുട്ടിക്ക് സംഭവിച്ചത്. തലയോട്ടിയിലെ എല്ലുകളില്‍ ഒന്നിലധികം പൊട്ടലുകളുണ്ട്. മുഖത്തും കഴുത്തിലും മുറിവേറ്റതായി ഫോറന്‍സിക് റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. ഓര്‍മക്കുറവ്, മറവി, വിട്ടുമാറാത്ത തലവേദന, ശ്രദ്ധക്കുറവ്, മാനസിക പ്രയാസം, സ്വഭാവത്തിലെ മാറ്റം തുടങ്ങി 30% സ്ഥിര വൈകല്യമുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
പെണ്‍കുട്ടിയുടെ ശാരീരിക, മാനസിക വൈകല്യങ്ങള്‍ക്ക് 30 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് പബ്ലിക് പാര്‍ക്ക് മാനേജ്‌മെന്റിനെതിരെ നല്‍കിയ കേസിലാണ് വിധി. സ്‌കൂളില്‍നിന്ന് വിനോദ യാത്രക്ക് പോയ സമയത്തായിരുന്നു അപകടം.