ബാഴ്‌സലോണ - വിയ്യാറയലിനെ 5-1 ന് കശക്കിവിട്ട ബാഴ്‌സലോണ സ്പാനിഷ് ഫുട്‌ബോൾ ലീഗിൽ അപരാജിതരായി സീസൺ അവസാനിപ്പിക്കുന്നതിന് രണ്ട് ചുവട് അരികെ. 36 കളികളിൽ ബാഴ്‌സലോണയുടെ ഇരുപത്തേഴാം ജയമാണ് ഇത്. അവശേഷിച്ച ഒമ്പത് കളികൾ സമനിലയായി. ലെവാന്റെക്കെതിരായ എവേ മത്സരവും റയൽ സൊസൈദാദിനെതിരായ ഹോം മത്സരവുമാണ് ചാമ്പ്യന്മാർക്ക് ഇനി അവശേഷിക്കുന്നത്. രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കൊ മഡ്രീഡിനേക്കാൾ 15 പോയന്റ് ലീഡുണ്ട് ബാഴ്‌സലോണക്ക്. അതേസമയം, കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ റയൽ മഡ്രീഡിന് രണ്ടാം സ്ഥാനവും അകലുകയാണ്. സെവിയയോട് അവർ 2 - 3 ന് തോറ്റു. മൂന്നു ഗോളിനു പിന്നിലായ ശേഷം അവസാന വേളയിലാണ് റയലിന്റെ രണ്ടു ഗോളും. ക്രിസ്റ്റ്യാനൊ റൊണാൾഡൊ ഉൾപ്പെടെ പ്രമുഖ കളിക്കാരില്ലാതെയാണ് റയൽ ഇറങ്ങിയത്. മുൻ സെവിയ താരമായ റയൽ നായകൻ സെർജിയൊ റാമോസ് പെനാൽട്ടി പാഴാക്കുകയും മറ്റൊരു പെനാൽട്ടി ലക്ഷ്യത്തിലെത്തിക്കുകയും ഒരു സെൽഫ് ഗോളടിക്കുകയും ചെയ്തു.
ആന്ദ്രസ് ഇനിയെസ്റ്റക്ക് അടുത്ത സീസണിൽ പകരക്കാരനെ കണ്ടെത്താൻ ബാഴ്‌സലോണ വല്ലാതെ ബുദ്ധിമുട്ടുമെന്ന സന്ദേശം നൽകിയാണ് വിയ്യാറയലിനെതിരായ അവരുടെ മത്സരം അവസാനിച്ചത്. ലൂയിസ് സോറസിനെയും മറ്റും പുറത്തിരുത്തിയെങ്കിലും തുടക്കം മുതൽ ബാഴ്‌സലോണയുടെ പടയോട്ടമായിരുന്നു. പതിനൊന്നാം മിനിറ്റിൽ ഫെലിപ്പെ കൗടിഞ്ഞോയും പതിനാറാം മിനിറ്റിൽ പൗളിഞ്ഞോയും നാൽപത്തഞ്ചാം മിനിറ്റിൽ ലിയണൽ മെസ്സിയും 87, ഇഞ്ചുറി ടൈമുകളിലായി ഉസ്മാൻ ദെംബെലെയും ലക്ഷ്യം കണ്ടു. അമ്പത്തിനാലാം മിനിറ്റിലായിരുന്നു വിയ്യാറയലിന്റെ ആശ്വാസ ഗോൾ.
ഈ സീസണോടെ ലാ ലിഗ വിടുന്ന ഇനിയെസ്റ്റക്ക് മഞ്ഞ സബ്മറൈൻ സമ്മാനിച്ചാണ് വിയ്യാറയൽ തുടങ്ങിയത്. പിന്നീട് നൗകാമ്പ് കണ്ടത് സബ്മറൈന്റെ പ്രഹര ശേഷിയാണ്. ഈ തലമുറയിലെ ഏറ്റവും മികച്ച പ്ലേമേക്കറാണ് താനെന്ന് ഇനിയെസ്റ്റ തെളിയിച്ചു. വിയ്യാറയലിന്റെ പ്രതിരോധം മനോഹരമായ ടച്ചുകളിലൂടെ ഇനിയെസ്റ്റ തുറന്നെടുത്തത് നൗകാമ്പിനെ ത്രസിപ്പിച്ചു. ലെഫ്റ്റ് ബാക്ക് ജോർദി ആൽബയെ സ്വതന്ത്രനാക്കും വിധം ചന്തമുള്ള ഇനിയെസ്റ്റയുടെ പാസാണ് പൗളിഞ്ഞോയുടെ ഗോളിൽ കലാശിച്ചത്. ബാഴ്‌സലോണക്ക് അടുത്ത സീസണിൽ നഷ്ടപ്പെടുന്നത് എന്താണ് എന്നതിന്റെ നേർചിത്രമായിരുന്നു മൂന്നാം ഗോൾ. മെസ്സിയുമൊത്ത് ചന്തമുള്ള വൺ ടച്ച് പാസുകൾ. ബോക്‌സിൽ വട്ടം തിരിഞ്ഞ് ആൾക്കൂട്ടത്തിനിടയിലൂടെ ഇനിയെസ്റ്റക്കൊരു പാസ്, ഇനിയെസ്റ്റയുടെ കൃത്യമായ ലോബ്, നേരിയ സ്പർശത്തിലൂടെ പന്തിന് വലയിലേക്ക് വഴി തിരിച്ച് മെസ്സി. വിയ്യാറയൽ പ്രതിരോധം ഛിന്നഭിന്നം. രണ്ട് കളിക്കാർ തമ്മിൽ ഇതിനേക്കാൾ കൃത്യമായി മനപ്പൊരുത്തവും താളപ്പൊരുത്തവും സാധ്യമാവില്ല. ലീഗിൽ മെസ്സിയുടെ മുപ്പത്തിനാലാം ഗോളാണ് ഇത്. ക്രിസ്റ്റ്യാനോയേക്കാൾ ഒമ്പത് കൂടുതൽ.