ദുബായ്-യുഎഇയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്‍ ഫസ്റ്റ് നെയിമും (വിളിക്കുന്ന പേര് ) സെക്കന്‍ഡ് നെയിമും (സര്‍ നെയിം, കുടുംബ പേര്) ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്രാവല്‍ ഏജന്റുമാരെ അറിയിച്ചു. ടൂറിസ്റ്റ് വിസയിലോ വിസിറ്റ് വിസയിലോ യാത്ര ചെയ്യുന്നവര്‍ക്കാണ് ഇപ്പോള്‍ നിബന്ധന കര്‍ശനമാക്കുന്നത്. തൊഴില്‍ വിസയും താമസവിസയും ഉള്ളവരെ നിബന്ധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സ്വന്തം പേരും സര്‍ നെയിമും ഒരുമിച്ച് ചേര്‍ത്തിരിക്കുന്ന ഒറ്റപ്പേരുള്ള പാസ്‌പോര്‍ട്ടുകള്‍ യു.എ.ഇ ഇമിഗ്രേഷന്‍ അംഗീകരിക്കില്ലെന്ന് എല്ലാ ട്രാവല്‍ ഏജന്റുമാര്‍ക്കും നല്‍കിയ അറിയിപ്പില്‍ പറയുന്നു.
കുടുംബനാമത്തിലോ നല്‍കിയിരിക്കുന്ന പേരിലോ ഒരൊറ്റ നാമമുള്ള പാസ്‌പോര്‍ട്ട് ഉടമയെ യുഎഇ ഇമിഗ്രേഷന്‍ അംഗീകരിക്കില്ലെന്നും യാത്രക്കാരനെ INAD ആയി കണക്കാക്കുമെന്നുമാണ് അപ്‌ഡേറ്റ് ചെയ്ത മാര്‍ഗ്ഗനിര്‍ദ്ദേശം. അനുമതിയില്ലാത്ത യാത്രക്കാരനെ സൂചിപ്പിക്കുന്നതാണ് INAD. പുതിയ മാര്‍ഗരേഖ പ്രാബല്യത്തിലായി.
പാസ്‌പോര്‍ട്ടില്‍ ഗിവണ്‍ നെയിമും സര്‍നെയിമും ചേര്‍ക്കേണ്ട സ്ഥലങ്ങളില്‍ ഒന്ന് ശൂന്യമായി കിടന്നാല്‍ അത്തരം പാസ്‌പോര്‍ട്ടുകള്‍ക്കാണ് പ്രശ്‌നം. ഇത്തരം പാസ്‌പോര്‍ട്ടുകളില്‍ വിസ ഇഷ്യൂ ചെയ്യുകയില്ല. വിസ മുമ്പ് നല്‍കിയിട്ടുണ്ടെങ്കില്‍ ഇമിഗ്രേഷന്‍ തടയും.