Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് ഹരിത നിയമാവലി പാലിക്കുന്ന  ആരാധനാലയങ്ങൾക്കു സമ്മാനം

മത ചടങ്ങുകളിൽ ഹരിത നിയമാവലി നടപ്പാക്കുന്നതിന്റെ ഭാഗമായി മലപ്പുറത്തു കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗം

മലപ്പുറം -റമദാൻ നോമ്പുതുറ ചടങ്ങുകൾ ഹരിത മാർഗരേഖ പാലിച്ചു നടപ്പാക്കാൻ കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. മതസംഘടന നേതാക്കളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ക്ഷേത്രങ്ങളിലും ചർച്ചുകളിലും നടക്കുന്ന പരിപാടികളും പൂർണമായും ഹരിത മാർഗരേഖ പാലിക്കണമെന്ന് കലക്ടർ  അഭ്യർഥിച്ചു. 
നോമ്പുതുറകൾക്കു  ഡിസ്‌പോസിബ്ൾ ഗ്ലാസുകളും പ്ലേറ്റുകളും പൂർണമായും ഒഴിവാക്കണമെന്നും നിർദേശം നൽകി. സംഘടനകൾ  പ്രത്യേക ബോധവത്കരണം നടത്താനും വെള്ളിയാഴ്ച മസ്ജിദുകളിൽ അറിയിപ്പ് നൽകാനും യോഗത്തിൽ തീരുമാനമായി. പൂർണമായും ഹരിത നിയമാവലി പാലിക്കുന്ന മഹല്ലുകൾക്കു സമ്മാനം നൽകും. അതോടൊപ്പം ഹരിത മാർഗരേഖ പാലിക്കുന്ന ക്ഷേത്രങ്ങൾക്കും ചർച്ചുകൾക്കും മഹല്ലുകൾക്കും പ്രശംസാപത്രവും സമ്മാനവും നൽകും. 
ഹരിത മാർഗരേഖ പാലിച്ചു നടപ്പാക്കുന്ന കല്യാണങ്ങൾക്കു  കലക്ടറുടെ പ്രശംസാപത്രവും പ്രത്യേക പ്രോത്സാഹനവും നൽകും. കഴിഞ്ഞ വർഷം റമദാനിലെ ആദ്യ വെള്ളിയാഴ്ച കലക്ടർ മസ്ജിദിൽ നേരിട്ടെത്തി ബോധവത്കരണം നടത്തുകയും ഫലം കാണുകയും ചെയ്തിരുന്നു.   ചായയും പലഹാരങ്ങളും ഡിസ്‌പോസിബ്ൾ പാത്രങ്ങളിൽ നൽകുന്നവർക്കെതിരെ തദ്ദേശ സ്ഥാപനങ്ങൾ കർശന നടപടിയെടുക്കണമെന്ന്  കലക്ടർ അറിയിച്ചു.  പ്ലാസ്റ്റിക് ഡിസ്‌പോസിബ്ൾ പാത്രങ്ങൾ മാത്രമല്ല പേപ്പറിൽ നിർമിച്ചവയും പ്രശ്‌നമാണെന്നു യോഗം വിലയിരുത്തി. പേപ്പർ കപ്പുകളും പ്ലേറ്റുകളും ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ ആരോഗ്യത്തിനു ഹാനികരമാണ്. പേപ്പർ കപ്പുകൾ അലിയാതിരിക്കാനായി മെഴുകു പോലുള്ള വസ്തുക്കൾ പേപ്പർ കപ്പുകളിലും പാത്രങ്ങളിലും ഉപയോഗിക്കാറുണ്ട്. ചൂടുള്ള വസ്തുക്കൾ കഴിക്കുമ്പോൾ ഇതു വയറിലെത്തുകയും മാരക രോഗങ്ങൾക്കു കാരണമാവുകയും ചെയ്യും. നിലവാരം കുറഞ്ഞ പേപ്പറാണ് ചില നിർമാതാക്കൾ ഉപയോഗിക്കുന്നത്. സ്റ്റീൽ പാത്രങ്ങളേക്കാൾ വൃത്തിയും കുറവാണ് ഇത്തരം വസ്തുക്കൾക്ക്.   ഇതു കത്തിക്കുന്നതും ആരോഗ്യത്തിനു ഹാനികരമാണ്. മഴക്കാല രോഗങ്ങൾ പടർന്നു പിടിക്കുന്നതിലെ പ്രധാന കാരണവും ഡിസ്‌പോസിബ്ൾ വസ്തുക്കളാണ്. പകർച്ചവ്യാധി പടർന്നു പിടിച്ച ചില സ്ഥലങ്ങളിൽ ഡിസ്‌പോസിബ്ൾ പാത്രങ്ങൾ കൂട്ടിയിട്ടതായും കൊതുകു പകരാൻ ഇതു കാരണമായതായും കണ്ടെത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുൽപ്പാടൻ, സെക്രട്ടറി പ്രീതി മേനോൻ, ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ പി.രാജു, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഒ. ജ്യോതിഷ്, സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. 

 

Latest News