Sorry, you need to enable JavaScript to visit this website.

ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ആക്രമിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കൊച്ചി-ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ പൈലറ്റ് വാഹനം തടയുകയും സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ അറസ്റ്റില്‍. ഇടുമ്പഞ്ചോല സ്വദേശി ടിജോയെയാണ് ചീഫ് ജസ്റ്റിസിന്റെ പൈലറ്റ് ഓഫീസറായ എസ് ഐ ആന്റണി പെരേരയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. രാത്രി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ഗവര്‍ണര്‍ പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെ കണ്ടെയ്‌നര്‍ റോഡ് വഴി വരുന്ന വഴി ഗോശ്രീ പാലത്തില്‍ വെച്ചാണ് ടിജോ പൈലറ്റ് വാഹനം തടഞ്ഞത്. സ്‌കൂട്ടറില്‍ കാറിനെ ചേസ് ചെയ്ത് ഓവര്‍ടേക്ക് ചെയ്ത് മുന്നില്‍ വട്ടം വെച്ച് തടയുകയായിരുന്നു. അവിടെ വെച്ച് ചീഫ് ജസ്റ്റിസ് അടക്കമുള്ളവരെ ചീത്ത വിളിച്ചു. അവിടെ നിന്ന് വാഹനങ്ങള്‍ ഗവര്‍ണറുടെ ക്യാമ്പ് ഓഫീസിലെത്തിയപ്പോള്‍ പിന്തുടര്‍ന്ന് ചെന്ന ടിജോ പൈലറ്റ് ഓഫീസറെ സ്‌കൂട്ടറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.
രണ്ടു വര്‍ഷം മുമ്പ് കൊച്ചിയില്‍ കണ്ടെയ്‌നര്‍ ലോറി ഡ്രൈവറായിരുന്ന ടിജോ പിന്നീട് നാട്ടില്‍ കൃഷിപ്പണി ചെയ്താണ് ജീവിച്ചിരുന്നത്. കൃഷി മോശമായതോടെ രണ്ടു ദിവസം മുമ്പാണ് വീണ്ടും തൊഴില്‍ തൊഴില്‍ തേടി കൊച്ചിയിലെത്തിയത്. എറണാകുളത്തുള്ള സുഹൃത്തിനൊപ്പമായിരുന്നു. താമസം. അമിതമായി മദ്യപിച്ചതുകൊണ്ട് സംഭവിച്ചുപോയതാണെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.
 താന്‍ വാഹനം തടയുകയോ കയര്‍ത്ത് സംസാരിക്കുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നും സ്‌കൂട്ടര്‍ കാറിന് മുന്നില്‍ വട്ടംകറക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ടിജോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

 

 

Latest News