കൊച്ചി- കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ പോയ അധ്യാപകന്‍ അറസ്റ്റില്‍. സംഭവത്തില്‍ പട്ടിമറ്റം സ്വദേശി കിരണ്‍ എന്‍ തരുണിനെയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോക്സോ കേസെടുത്തതിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന ഇയാളെ നാഗര്‍കോവിലിലെ ബന്ധുവീട്ടില്‍ നിന്നാണ് പിടികൂടിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ നാഗര്‍കോവിലിലുണ്ടെന്ന് കണ്ടെത്തിയത്. ഹില്‍പാലസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ രാത്രി ബന്ധുവീട് വളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു.
നവംബര്‍ 16നാണ് ഇയാള്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവെ വാഹനത്തില്‍ വെച്ചായിരുന്നു വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമണം ഉണ്ടായത്. എറണാകുളത്ത് ബസ് പണിമുടക്കായതിനാല്‍ വീട്ടില്‍ സുരക്ഷിതമായി എത്തിക്കാമെന്ന് വീട്ടുകാര്‍ക്ക് ഉറപ്പ് നല്‍കിയാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത്.
സംഭവം സുഹൃത്തുക്കളോടാണ് വിദ്യാര്‍ത്ഥിനി ആദ്യം വെളിപ്പെടുത്തിയത്. സ്‌കൂളില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ അവഗണിക്കുകയാണ് ചെയ്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനെതിരെ വിദ്യാര്‍തഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. വിദ്യാര്‍ത്ഥിനിയെ കൗണ്‍സിലിങ്ങ് ചെയ്ത ഗസ്റ്റ് അധ്യപികയുടെ മൊഴി പ്രകാരമാണ് പിന്നീട് പൊലീസ് കേസെടുത്തത്. കുട്ടിക്കെതിരായ അതിക്രമം കൃത്യസമയത്ത് പൊലീസില്‍ അറിയിക്കാത്തതിന് മൂന്ന് അധ്യാപകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.