Sorry, you need to enable JavaScript to visit this website.

ഹർത്താലുകളിൽ നിന്ന് കെ.എസ്.ആർ.ടി.സിയെ ഒഴിവാക്കണം -ടോമിൻ തച്ചങ്കരി

തിരുവനന്തപുരം- ഹർത്താലുകളിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസുകളെ ഒഴിവാക്കണമെന്ന് സി.എം.ഡി ടോമിൻ ജെ. തച്ചങ്കരി രാഷ്ട്രീയ കക്ഷികളോടും സംഘ ടനകളോടും അഭ്യർഥിച്ചു.
സർവീസുകൾ നടത്താൻ കഴിയാത്തതിന്റെ പേരിലുള്ള നഷ്ടത്തിനു പുറമെ ഹർത്താൽ അനുകൂലികൾ പലപ്പോഴും കെ.എസ്.ആർ.ടി.സി ബസുകളെ അക്രമത്തിനിരയാക്കുന്നതിന്റെ പേരിലുള്ള നഷ്ടം കൂടി കോർപറേഷനു സഹിക്കേണ്ടിവരികയാണ്. ആശുപത്രികൾ, പാൽവിതരണം, പത്രവിതരണം എന്നിവയെപ്പോലെ കെ.എസ്.ആർ.ടി.സിയെയും അവശ്യ സർവീസായി പ്രഖ്യാപിക്കണം. ഇക്കാര്യത്തിൽ സർവകക്ഷി യോഗം വിളിച്ച് അഭിപ്രായ സമന്വയമുണ്ടാക്കി തുടർ നടപടികൾ സ്വീകരിക്കണം. ടൂറിസം മേഖലയെ സംരക്ഷിക്കാൻ ഈ മേഖലയിലുള്ള സംഘടനകൾ ഈയിടെ ആവശ്യപ്പെട്ടിരുന്നു. ഉൾനാടുകളിലേയ്ക്ക് സഞ്ചരിക്കാൻ വിനോദ സഞ്ചാരികൾ പലപ്പോഴും കെ.എസ്.ആർ.ടി.സി ബസുകളെയാണ് ആശ്രയിക്കുന്നത്. ഒരു മണിക്കൂറിലേക്ക് നടത്തുന്ന പ്രാദേശിക ഹർത്താലുകൾ പോലും കെ.എസ്.ആർ.ടി.സിയെയും ജനങ്ങളെയും വല്ലാതെ ബാധിക്കുന്നുണ്ട്. 
നഷ്ടക്കണക്കു പറയുമ്പോൾ മാത്രം കെ.എസ്.ആർ.ടി.സിയെ മറ്റ് സംസ്ഥാനങ്ങളുമാ യി താരത്യമപ്പെടുത്തുകയും നഷ്ടം സഹിച്ച് കഷ്ടപ്പെട്ട് സർവീസ് നടത്തുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്നത് കെ.എസ്.ആർ.ടി.സിയെ ദോഷകരമായി ബാധിക്കും. 
ഇക്കാര്യത്തിൽ പൊതുജനാഭിപ്രായമുയരണമെന്നും രാഷ്ട്രീയ കക്ഷികളും സംഘടനകളും കെ.എസ്.ആർ.ടി.സിയെ ഹർത്താലിൽ നിന്ന് ഒഴിവാക്കാനായി അഭിപ്രായ സമന്വയം കൊണ്ടു വരണമെന്നും സർക്കാർ ഇതിനെ അവശ്യ സർവീസായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest News