Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വില കുറയുമെന്ന പ്രതീക്ഷകള്‍ തെറ്റി, കൂടുകയും ചെയ്യുന്നു

റിയാദ് - സൗദി അറേബ്യ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ കറന്‍സികള്‍ക്ക് മൂല്യശോഷണം നേരിട്ടെങ്കിലും പ്രാദേശിക വിപണിയില്‍ ഉല്‍പന്നങ്ങളുടെ വിലകള്‍ കുറയുന്നില്ലെന്ന് പരാതി. കറന്‍സികളുടെ മൂല്യശോഷണം ഇറക്കുമതി ചെലവ് കുത്തനെ കുറക്കുന്നതിനാല്‍ സ്വാഭാവികമായും ഇതിന്റെ പ്രയോജനം പ്രാദേശിക ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ടതാണ്. എന്നാല്‍ കറന്‍സി മൂല്യശോഷണത്തിന്റെ ഗുണം ഇതുവരെ പ്രാദേശിക വിപണിയില്‍ പ്രത്യക്ഷപ്പെട്ടില്ല എന്നു മാത്രമല്ല ഉല്‍പന്നങ്ങളുടെ വില ഉയരുകയും ചെയ്തു.

വലിയ തോതില്‍ കറന്‍സി മൂല്യശോഷണം നേരിട്ട ഏഴു രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ യൂനിയനില്‍ നിന്നും ഈ വര്‍ഷം ആദ്യത്തെ എട്ടു മാസക്കാലത്ത് 28,200 കോടി റിയാലിന്റെ ഉല്‍പന്നങ്ങള്‍ സൗദി അറേബ്യ ഇറക്കുമതി ചെയ്തതിട്ടുണ്ട്. ഇക്കാലയളവില്‍ സൗദി അറേബ്യയുടെ ഇറക്കുമതിയുടെ 63 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നായിരുന്നു. ഈ വര്‍ഷം ഈ രാജ്യങ്ങളുടെ കറന്‍സികള്‍ ഏഴു ശതമാനം മുതല്‍ 36 ശതമാനം വരെ ശോഷണം നേരിട്ടിട്ടുണ്ട്.

ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലത്ത് ഡോളറിനു മുന്നില്‍ പ്രധാന കറന്‍സികളുടെ മൂല്യം ഇപ്പോഴത്തെക്കാള്‍ ഉയര്‍ന്ന തോതില്‍ ഇടിഞ്ഞിരുന്നു. പലിശ നിരക്കുകള്‍ ഉയര്‍ത്തി പണനയങ്ങള്‍ കര്‍ക്കശമാക്കുന്നതിന് അമേരിക്ക വേഗത കുറക്കുമെന്ന സൂചനകള്‍ പുറത്തുവന്നത് കറന്‍സികളുടെ മൂല്യശോഷണ വേഗം അല്‍പം കുറച്ചിട്ടുണ്ട്.

യൂറോപ്യന്‍ യൂനിയന്‍, ചൈന, ഇന്ത്യ, ഈജിപ്ത്, ജപ്പാന്‍, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലാന്റ്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നാണ് സൗദിയിലേക്ക് ഏറ്റവുമധികം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്. കാറുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കെമിക്കല്‍ ഉല്‍പന്നങ്ങള്‍, ലോഹങ്ങള്‍ എന്നിവയാണ് ഈ രാജ്യങ്ങളില്‍ നിന്ന് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ സൗദിയില്‍ ഭക്ഷ്യവസ്തുക്കളുടെയും പാനീയങ്ങളുടെയും വിലകള്‍ 4.4 ശതമാനം തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇറച്ചി, കോഴിയിറച്ചി വില 6.1 ശതമാനം തോതിലും മുട്ട വില 15.2 ശതമാനം തോതിലും എണ്ണകളുടെ വില 11.75 ശതമാനം തോതിലും പച്ചക്കറികളുടെ വില 1.7 ശതമാനം തോതിലും വീട്ടുപകരണങ്ങളുടെ വില 2.9 ശതമാനം തോതിലും കാറുകളുടെ വില 5.8 ശതമാനം തോതിലും വര്‍ധിച്ചിട്ടുണ്ട്.
എട്ടു മാസത്തിനിടെ യൂറോപ്യന്‍ യൂനിയനില്‍ നിന്ന് 9,620 കോടി റിയാലിന്റെ ഉല്‍പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇക്കാലയളവില്‍ യൂറോയുടെ മൂല്യം ഒമ്പതു ശതമാനം തോതില്‍ ഇടിഞ്ഞു. ചൈനയില്‍ നിന്ന് 9,420 കോടി റിയാലിന്റെ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തു. എട്ടു മാസത്തിനിടെ ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം 11 ശതമാനം തോതിലും ഇടിഞ്ഞു. ഇന്ത്യയില്‍ നിന്ന് 2,550 കോടി റിയാലിന്റെയും ഈജിപ്തില്‍ നിന്ന് 1,670 കോടി റിയാലിന്റെയും ജപ്പാനില്‍ നിന്ന് 1,570 കോടി റിയാലിന്റെയും ദക്ഷിണ കൊറിയയില്‍ നിന്ന് 1,230 കോടി റിയാലിന്റെയും സ്വിറ്റ്‌സര്‍ലാന്റില്‍ നിന്ന് 1,140 കോടി റിയാലിന്റെയും ബ്രിട്ടനില്‍ നിന്ന് 990 കോടി റിയാലിന്റെയും ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തു. ഇക്കാലയളവില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഒമ്പതും ഈജിപ്ഷ്യന്‍ പൗണ്ടിന്റെ മൂല്യം 36 ഉം ജപ്പാനീസ് യെന്നിന്റെ മൂല്യം 18 ഉം കൊറിയന്‍ വോനിന്റെ മൂല്യം 11 ഉം സ്വിസ് ഫ്രാങ്കിന്റെ മൂല്യം ഏഴും ബ്രിട്ടീഷ് സ്റ്റെര്‍ലിംഗ് പൗണ്ടിന്റെ മൂല്യം 12 ഉം ശതമാനം തോതില്‍ ഇടിഞ്ഞു. സൗദി കറന്‍സിയെയും അമേരിക്കന്‍ ഡോളറിനെയും സ്ഥിരവിനിമയ നിരക്കില്‍ ബന്ധിപ്പിച്ചതിനാല്‍ ഡോളറുമായുള്ള വിനിമയത്തില്‍ സൗദി റിയാലിന് മൂല്യശോഷണം സംഭവിക്കില്ലെന്നു മാത്രമല്ല, ഡോളര്‍ കരുത്തു പ്രകടിപ്പിക്കുന്നതിനനുസരിച്ച് സൗദി റിയാലിന്റെ മൂല്യം ഉയരുകയും ചെയ്യും.

 

Latest News