Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി യുവതിയുടെ മയ്യിത്ത് ഖബറടക്കി; പരാതിയില്ലെന്ന് കുടുംബം

ജിദ്ദ / മലപ്പുറം - ജിദ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. ഈമാസം 11ന് സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ച മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത കാവനൂർ ഇളയൂർ സ്വദേശി പി.ടി ഫാസിലയുടെ(26) മൃതദേഹമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവുചെയ്തത്.
  മരണവിവരം അറിഞ്ഞയുടനെ യുവതിയുടെ മാതാപിതാക്കളായ അബൂബക്കറും സാജിദയും ജിദ്ദയിലേക്ക് പുറപ്പെട്ടിരുന്നു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ, ഇന്ത്യൻ എംബസി മുഖേന ഇവരും ഭർത്താവ് പൂക്കുളത്തൂർ സ്വദേശി അൻവറും പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് മൃതദേഹം വിട്ടുതരികയും കഴിഞ്ഞദിവസം മഗ്‌രിബിന് അവിടെ തന്നെ മറവുചെയ്യുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. 
 സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും വിശദമായ ഫോറൻസിക് റിപ്പോർട്ട് ലഭിക്കാൻ സമയമെടുക്കുമെന്നുമാണ് വിവരം ലഭിച്ചതെന്ന് നാട്ടിലുള്ള യുവതിയുടെ സഹോദരൻ ഫൈസൽ മലയാളം ന്യൂസിനോട് പറഞ്ഞു. ഉമ്മയും ഉപ്പയും ബുധനാഴ്ചയോ വ്യാഴാഴ്ചയോ നാട്ടിലേക്ക് തിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
 വിസിറ്റിംഗ് വിസയിൽ ജിദ്ദയിലെത്തിയ യുവതിയെ ഭർത്താവ് ഉച്ച ഭക്ഷണത്തിന് എത്തിയപ്പോൾ താമസസ്ഥലത്ത് രക്തംവാർന്ന് വായിൽനിന്ന് നുര വന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുമ്പും ഇവർ മൂന്നുമാസം ഗൾഫിൽനിന്ന് തിരിച്ചുവന്നതാണ്. ഇത്തവണ പോയി 40-ാം ദിവസമാണ് മരണമുണ്ടായത്. രണ്ടര വയസ്സായ മകളുണ്ട്. മയ്യിത്ത് കാണാനും പ്രാർത്ഥനയിൽ പങ്കാളികളാകാനും കുടുംബത്തെ ആശ്വസിപ്പിക്കാനും മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേരാണ് എത്തിയത്.
 

Latest News