Sorry, you need to enable JavaScript to visit this website.

അഗ്‌നിവീര്‍ റാലിയില്‍ കൊല്ലത്ത്  കായികപരീക്ഷ ജയിച്ചത് 752 പേര്‍ 

കൊല്ലം-കൊല്ലത്തെ യുവാക്കളുടേത് മികച്ച നേട്ടം. ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ നടന്ന അഗ്നിപഥ് റിക്രൂട്ട്‌മെന്റില്‍ കായിക പരീക്ഷയില്‍ 752 പേര്‍ വിജയിച്ചു. 19,20 തീയതികളിലായാണ് മെഡിക്കല്‍ ടെസ്റ്റും കായിക ക്ഷമതാ പരീക്ഷയും നടന്നത്. 
റാലിയില്‍ ഉദ്യോഗാര്‍ത്ഥികളുടെ ഉയരമാണ് ആദ്യം പരിശോധിക്കുക. അഡ്മിറ്റ് കാര്‍ഡ് പ്രകാരമുള്ള ഹാജര്‍നില, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവ ഇതിനുള്ളില്‍ ഉറപ്പാക്കിയിരുന്നു. 200 പേര്‍ വീതമുള്ള ബാച്ചുകളായാണ് ഓടിക്കുന്നത്. 5 മിനിറ്റ് 45 സെക്കന്‍ഡിനുള്ളില്‍ 1.6 കിലോമീറ്റര്‍ ഓടണം. 5 മിനിറ്റ് 30 സെക്കന്‍ഡിനുള്ളില്‍ ഓട്ടം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 60 മാര്‍ക്കും 5 മിനിറ്റ് 31 സെക്കന്‍ഡ് മുതല്‍ 5 മിനിറ്റ് 45 സെക്കന്‍ഡ് വരെയുള്ള സമയ പരിധിയില്‍ ഓട്ടം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 48 മാര്‍ക്കും ലഭിക്കും. തുടര്‍ന്ന്, ഒമ്പത് അടി വീതിയുള്ള കുഴി ചാടിക്കടക്കുന്ന ലോംഗ് ജംപും സിഗ് സാഗ് ബീമിന് മുകളിലൂടെയുള്ള ബോഡി ബാലന്‍സിംഗ് ടെസ്റ്റും പൂര്‍ത്തിയാക്കണം. ഇതിനുശേഷം കുറഞ്ഞത് 6 മുതല്‍ 10 വരെ പുള്‍ അപ്പുകള്‍ ചെയ്യണം. 10 പുള്‍ അപ്പുകള്‍ക്ക് 40 മാര്‍ക്ക് ലഭിക്കും. 9 മുതല്‍ 6 വരെയുള്ള പുള്‍-അപ്പുകള്‍ക്ക് യഥാക്രമം 33, 27, 21, 16 മാര്‍ക്ക് ലഭിക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രീ-മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരായി. ഉയരം, ഭാരം, നെഞ്ച് വികാസം എന്നിവ അളക്കുന്നതാണ് പ്രീമെഡിക്കല്‍ പരിശോധന. വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അടുത്ത ദിവസം ആര്‍മി മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കും. ശാരീരിക - വൈദ്യ പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ എഴുത്ത് പരീക്ഷയ്ക്ക് ഹാജരാകണം, പൊതു പ്രവേശന പരീക്ഷ 2023 ജനുവരി 15ന് നടക്കും. യോഗ്യത നേടുന്ന ഉദ്യോഗാര്‍ത്ഥികളെ പരിശീലനത്തിന് ആര്‍മിയുടെ നിയുക്ത പരിശീലന കേന്ദ്രങ്ങളിലേക്ക് അയക്കും. കേരളം, കര്‍ണാടക, ലക്ഷദ്വീപ്, മാഹി സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് റാലി. റാലിയുടെ അവസാന ശാരീരികക്ഷമതാ പരിശോധന നവംബര്‍ 28നും അവസാന വൈദ്യ പരിശോധന നവംബര്‍ 29നും നടക്കും.
 

Latest News