കല്‍പകഞ്ചേരി- ഉന്നതസ്വാധീനമുള്ള 68 കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത വ്ളോഗര്‍ക്കും ഭര്‍ത്താവിനുമെതിരെ കേസ്. വ്ളോഗറായ റാഷിദയ്ക്കും ഭര്‍ത്താവ് തൃശൂര്‍ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനുമെതിരെയാണ് കേസെടുത്തത്. നിഷാദിനെ മലപ്പുറം കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
കല്‍പകഞ്ചേരി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ദമ്പതികള്‍. 28കാരിയായ റാഷിദ പ്രണയം നടിച്ചാണ് 68കാരനുമായി ബന്ധം സ്ഥാപിച്ചത്. ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. എന്നാല്‍ ഇത് ഭര്‍ത്താവ് കണ്ടതായി നടിച്ചില്ല. രഹസ്യമായി സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതും ഭര്‍ത്താവാണ്. ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസില്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്. പിന്നീട് ഭീഷണിയായി. പരസ്യമായി അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി 23 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള 68കാരന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പ് മനസിലാക്കിയത്. ഇവര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയാണ് നിഷാദിനെ അറസ്റ്റ് ചെയ്തത്. റാഷിദയ്ക്കെതിരെയും നടപടികള്‍ ആരംഭിച്ചു.