റിയാദ് - ഇറാൻ ആണവായുധ പദ്ധതി പുനരാരംഭിച്ചാൽ സൗദി അറേബ്യയും ആണവായുധം വികസിപ്പിക്കുമെന്ന് വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ആണവ കരാറിൽനിന്ന് അമേരിക്ക പിൻവാങ്ങിയ പശ്ചാത്തലത്തിൽ ആണവായുധ പദ്ധതി ഇറാൻ പുനരാരംഭിച്ചാൽ സൗദി അറേബ്യയും അണുബോംബ് നിർമിക്കുമോയെന്ന ചോദ്യത്തിനാണ് ആദിൽ അൽജുബൈർ മറുപടി നൽകിയത്. ഇറാൻ ആണവ ശേഷി നേടിയാൽ ഇതേ കാര്യം ചെയ്യുന്നതിന് സാധ്യമായതെല്ലാം തങ്ങളും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ആണവ കരാറിൽനിന്ന് പിൻവാങ്ങുന്നതിനുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ സൗദി അറേബ്യ പിന്തുണച്ചിട്ടുണ്ട്. പത്തു വർഷം പിന്നിട്ടാൽ ആണവ കരാർ അവസാനിക്കുമെന്ന് വ്യക്തമാക്കുന്ന വകുപ്പ് റദ്ദാക്കണമെന്ന് സൗദി അറേബ്യ കരുതുന്നു. നിലവിലെ കരാർ ഇറാന്റെ മിസൈൽ പദ്ധതി കണക്കിലെടുക്കുന്നില്ല. ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഹൂത്തികൾക്ക് നൽകുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. ബാലിസ്റ്റിക് മിസൈലുകളുമായി ബന്ധപ്പെട്ട യു.എൻ തീരുമാനങ്ങൾ ഇറാൻ ലംഘിക്കുകയാണ്. ഇക്കാര്യത്തിൽ ഇറാനോട് കണക്കു ചോദിക്കണം.
ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടൽ ഒഴിവാക്കാൻ സൗദി അറേബ്യ ശ്രമിച്ചുവരികയാണ്. ഹൂത്തികൾക്ക് ബാലിസ്റ്റിക് മിസൈലുകൾ നൽകുന്നത് സൗദി അറേബ്യക്കെതിരായ ഇറാന്റെ യുദ്ധ പ്രഖ്യാപനമാണ്. ഇത് അനുവദിക്കാനാവില്ലെന്ന് ആദിൽ അൽജുബൈർ പറഞ്ഞു.
അതിനിടെ, ഇറാനുമായുള്ള ആണവ കരാറിൽനിന്ന് അമേരിക്ക പിൻവാങ്ങിയതിനെ തുടർന്ന് ആഗോള വിപണിയിൽ എണ്ണ ലഭ്യതയിലുണ്ടാകുന്ന കുറവ് നികത്താൻ സൗദി അറേബ്യ തയാറാണെന്ന് ഒപെക് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ എണ്ണ ലഭ്യതയിലെ കുറവ് നികത്തുന്നതിന് സൗദി അറേബ്യ തനിച്ച് നടപടി സ്വീകരിക്കില്ല. പ്രതിദിനം 1.2 കോടി ബാരൽ ക്രൂഡ് ഓയിൽ ഉൽപാദിപ്പിക്കാൻ സൗദി അറേബ്യക്ക് ശേഷിയുണ്ട്.
ആണവ കരാറിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം ഇറാന്റെ എണ്ണയുൽപാദനത്തെ ബാധിക്കുന്നുണ്ടോയെന്ന് പഠിച്ച ശേഷം മാത്രമായിരിക്കും എണ്ണയുൽപാദനം വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ആഗോള വിപണിയിൽ എണ്ണ വിലയിടിച്ചിൽ തടയുന്നതിന് ഒപെക്കും സംഘടനക്ക് പുറത്തുള്ള ഉൽപാദക രാജ്യങ്ങളും ചേർന്ന് പുതിയ സഖ്യം സ്ഥാപിച്ചിട്ടുണ്ട്. ഒരു സാഹചര്യത്തിലും പങ്കാളികളിൽനിന്ന് വേറിട്ട് സൗദി അറേബ്യ തനിച്ച് നീക്കങ്ങൾ നടത്തില്ല. ഒപെക്കിനകത്തും സംഘടനക്ക് പുറത്തുമുള്ള പങ്കാളികളുമായി ഏകോപനം നടത്തി മാത്രമേ ഉൽപാദനം വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും ഒപെക് വൃത്തങ്ങൾ പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ എണ്ണ കയറ്റുമതിക്കാരായ ഇറാനെതിരെ സാമ്പത്തിക ഉപരോധം പുനഃസ്ഥാപിക്കുന്നത് എണ്ണ വിപണിയുടെ സന്തുലനത്തെ ബാധിക്കുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി പറഞ്ഞു. പുതിയ ആശങ്കകളുടെ പശ്ചാത്തലത്തിൽ എണ്ണ വില ബാരലിന് 77.89 ഡോളറിലെത്തിയിട്ടുണ്ട്. 2014 നവംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഈയാഴ്ച ഇതുവരെ എണ്ണ വിലയിൽ മൂന്നര ശതമാനം വർധനവുണ്ടായിട്ടുണ്ട്.