കൊച്ചി- ബിരിയാണി ചലഞ്ച് ജനം ഏറ്റെടുത്തു, ആതിരക്ക് വൃക്ക മാറ്റിവെക്കാന്‍ 10 ലക്ഷത്തിലധികം രൂപ ലഭിച്ചു. ഇരു വൃക്കകളും പ്രവര്‍ത്തനരഹിതയായി ഡയാലിസിസിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന അമ്പാടിമലയില്‍ താമസിക്കുന്ന എം.സി. സുകുമാരന്റെയും ശ്രീദേവിയുടെയും മകളും ശ്രീജിത്തിന്റെ ഭാര്യയുമായ ആതിര എസ്. കുമാറിനാണ് (28) ബിരിയാണ് ചലഞ്ച് വഴി സഹായമെത്തുക.
ഏകദേശം 40 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചികിത്സയ്ക്കു മുന്നില്‍ ആതിരയും കുടുംബവും നിസ്സഹായരായപ്പോഴാണ് നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാ സഹായ നിധിക്ക് രൂപം നല്‍കിയത്. എന്നാല്‍, പ്രതീക്ഷിച്ച തുക സഹായ നിധിയിലേക്ക് എത്തിയില്ല. എത്രയും വേഗം ഓപ്പറേഷന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെ അമ്പാടിമലയില്‍ പ്രവര്‍ത്തിക്കുന്ന മെത്രാന്‍ ബേബി ചാരിറ്റബിള്‍ ട്രസ്റ്റ് ഈ ഉദ്യമത്തിന് ഒരു കൈത്താങ്ങാകണമെന്ന തീരുമാനവുമായി മുന്നിട്ടിറങ്ങി.
ഒരു സാധാരണ പിരിവ് രീതി ലക്ഷ്യത്തിലേക്കെത്തില്ല എന്ന ബോധ്യമാണ് ബിരിയാണി ചലഞ്ച് നടത്താന്‍ ട്രസ്റ്റിനെ പ്രേരിപ്പിച്ചത്. അമ്പാടിമലയിലെ ആബാലവൃദ്ധം ജനങ്ങളും ജാതി മത രാഷ്ട്രീയ ഭേദമെന്യേ 'കാരുണ്യഹസ്തം 2022' ബിരിയാണി ചലഞ്ചിനെ നെഞ്ചിലേറ്റി. കഴിഞ്ഞ 13നായിരുന്നു ചലഞ്ച്. ഏകദേശം 300 വളണ്ടിയര്‍മാരാണ് ഇതിന്റെ വിജയത്തിനു വേണ്ടി അണിനിരന്നത്.