തൊടുപുഴ- ജില്ലയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി. ഇന്ന് കരിമണ്ണൂര്‍, വണ്ണപ്പുറം പഞ്ചായത്തുകളിലെ 100 പന്നികളെ ദയാവധത്തിന് വിധേയമാക്കും. കരിമണ്ണൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലുള്‍പ്പെട്ട നെല്ലിമലയിലെ ഫാമിലും വണ്ണപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍ഡിലുള്‍പ്പെടുന്ന പട്ടയക്കുടിയിലെ ഫാമിലുമാണ് പന്നിപ്പനി സ്ഥിരീകരിച്ചത്.
വണ്ണപ്പുറം, കരിമണ്ണൂര്‍ പഞ്ചായത്തുകളിലായി 20ഓളം പന്നികള്‍ കൂടി ചത്തതോടെയാണ് ഇവയുടെ രക്ത സാമ്പിളുകള്‍ ബംഗളുരുവിലെ സതേണ്‍ റീജണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലേക്ക് അയച്ചത്. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടു ഫാമുകളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ ദയാവധത്തിനു വിധേയമാക്കും. പത്തോളം ഫാമുകളിലെ പന്നികളെയാണ് വധിക്കുക. ഇതിനായി ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ്, തദ്ദേശ സ്ഥാപന അധികൃതര്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തി റാപ്പിഡ് റെസ്പോണ്‍സ് ടീം രൂപീകരിച്ചു.
ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് കരിമണ്ണൂര്‍,ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളിലായി 262 പന്നികളെ കൊന്നിരുന്നു. കരിമണ്ണൂര്‍, വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ ഒന്‍പത് വാര്‍ഡുകള്‍ രോഗ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.