തിരൂര്‍-പുറത്തൂരില്‍ പുഴയില്‍ കക്ക വാരുന്നതിനിടെ തോണി മറിഞ്ഞ് മരിച്ചവരുടെ എണ്ണം നാലായി.രണ്ടു പേരുടെ മൃതദേഹങ്ങള്‍ ഇന്നലെയാണ് പുഴയില്‍ നിന്ന് കണ്ടെടുത്തത്.അപകടം നടന്ന ശനിയാഴ്ച രാത്രി രണ്ട് സ്ത്രീകള്‍ മരിച്ചിരുന്നു.രണ്ടു പേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.പുറത്തൂര്‍ ഇട്ടികപ്പറമ്പില്‍ അബ്ദുള്‍ സലാം (55), കുഴിയിനി പറമ്പില്‍ അബൂബക്കര്‍ (65) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. അപകടമുണ്ടായ സ്ഥലത്തിനടുത്ത് തെരച്ചിലിനിടയിലാണ് മൃതദേഹങ്ങള്‍ ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ കണ്ടെടുത്തത്. പുറത്തൂര്‍ കുറ്റിക്കാട് കടവില്‍ ശനിയാഴ്ച രാത്രിയാണ് തോണി മറിഞ്ഞത്.തോണിയിലുണ്ടായിരുന്ന ഈന്തുകാട്ടില്‍ ഹംസയുടെ ഭാര്യ റുഖിയ (60), സഹോദരി വിളക്കത്ര വളപ്പില്‍ മുഹമ്മദിന്റെ ഭാര്യ സൈനബ (54) എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച രാത്രി തന്നെ കണ്ടെടുത്തിരുന്നു. അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചക്കിട്ടപറമ്പില്‍ ബീപാത്തു (62), കുറുങ്ങാട്ട് റസിയ (40) എന്നിവര്‍ അപകടനില തരണം ചെയ്തു.
പുഴയില്‍ പെട്ടെന്ന് വെള്ളം പൊങ്ങിയതാണ് അപകടകാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.ശനിയാഴ്ച ഉച്ചക്ക് പുഴയില്‍ വെള്ളം കുറവായിരുന്നപ്പോഴാണ് ആറംഗസംഘം കക്ക വാരാന്‍ തോണിയില്‍ പോയത്.കക്ക വാരി സന്ധ്യയോടെ തിരിച്ചുവരുമ്പോഴായിരുന്നു അപകടം. തോണി നിറയെ കക്കയുണ്ടായിരുന്നതിനാല്‍ ഭാരക്കൂടതലുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു.പെട്ടെന്ന് പുഴയില്‍ വെള്ളം പൊങ്ങിയപ്പോള്‍ തോണി ഉലഞ്ഞു.കക്ക വാരി അധികം പരിചയമില്ലാത്തവരും തോണിയിലുണ്ടായിരുന്നു.ഇവര്‍ വെപ്രാളപ്പെട്ടത് തോണിയുടെ നിയന്ത്രണം നഷ്ടപ്പെടാനും മറിയാനും ഇടയാക്കിയെന്നാണ് കരുതുന്നത്.തോണിയിലുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ടുപേരെ മാത്രമാണ് രക്ഷിക്കാനായത്.