Sorry, you need to enable JavaScript to visit this website.

ഖത്തർ ലോകകപ്പ് ഏറ്റെടുത്ത് സൗദി, മുഴുവൻ സഹായവുമായി ഭരണകൂടം

ദോഹ- ലോകകപ്പ് ഫുട്‌ബോളിന് മുഴുവൻ പിന്തുണയുമായി സൗദി ഭരണകൂടം. മാസങ്ങൾക്ക് മുമ്പു തന്നെ ഖത്തറിന് ആവശ്യമായ സഹായങ്ങളെല്ലാം സൗദി ലഭ്യമാക്കിയിരുന്നു. ഖത്തർ എന്ത് സഹായം ചോദിച്ചാലും ഉടൻ നൽകണമെന്ന് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാർ മുഴുവൻ മന്ത്രിമാരോടും മന്ത്രാലയങ്ങളോടും ആവശ്യപ്പെട്ടു. തായ്‌ലാന്റിൽനിന്ന് നേരിട്ട് ഖത്തറിലെത്തിയ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ന് നടന്ന ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകർഷണ കേന്ദ്രമായിരുന്നു. ഖത്തർ അമീറിന് അടുത്ത്, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോക്ക് സമീപത്തായിരുന്നു മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇരുന്നത്. ഇന്ന് പുലർച്ചെയാണ് എം.ബി.എസ് എത്തിയതെന്ന് ഖത്തർ അമീർ കോർട്ട് അറിയിച്ചു. ഖത്തർ ഡെപ്യൂട്ടി അമീർ അബ്ദുല്ല ബിൻ ഹമദ് ആൽതാനി കിരീടാവകാശിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ലോകകപ്പ് ഉദ്ഘാടനവേളയിൽ സംബന്ധിക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽതാനി ക്ഷണിച്ചത് പ്രകാരമാണ് കിരീടാവകാശിയുടെ സന്ദർശനമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രിയും കാബിനറ്റ് അംഗവുമായ തുർക്കി ബിൻ മുഹമ്മദ് രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, സൗദ് ബിൻ സൽമാൻ രാജകുമാരൻ, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ,  സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ, വാണിജ്യ മന്ത്രിയും വാർത്താവിതരണ മന്ത്രിയുമായ ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖസബി, നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽഫാലിഹ്, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി, കിരീടാവകാശി സെക്രട്ടറി ഡോ. ബന്ദർ ബിൻ ഉബൈദ് അൽറഷീദ് എന്നിവർ കിരീടാവകാശിയോടൊപ്പമുണ്ട്.
ഖത്തറും ഇക്വഡോറും തമ്മിലുള്ള ആദ്യമത്സരം കാണാൻ നിരവധി ലോക നേതാക്കൾ എത്തി. ഇന്ത്യൻ വൈസ് പ്രസിഡന്റ് ജഗദീപ് ധൻകറും ഉദ്ഘാടന മത്സരത്തിനെത്തി. സൗദിയും ഖത്തറും തമ്മിലുള്ള ബന്ധം ഏറ്റവും കൂടുതൽ ദൃഢമായതിന്റെ തെളിവു കൂടിയായിരുന്നു ഉദ്ഘാടന വേദി. 
യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, അൾജീരിയൻ പ്രസിഡന്റ് അബ്ദുൽമദ്ജിദ് ടെബൗൺ, സെനഗൽ പ്രസിഡന്റ് മക്കി സാൽ, പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, റുവാണ്ടൻ പ്രസിഡന്റ് പോൾ കഗാമെ എന്നിവരും ദോഹയിലെത്തി. 

സൗദി, ഖത്തർ അതിർത്തിയിലെ സൽവ അതിർത്തി പോസ്റ്റിന്റെ ശേഷി ഉയർത്തിയതായി ജവാസാത്ത് വക്താവ് മേജർ നാസിർ അൽഉതൈബി പറഞ്ഞു. ലോകകപ്പ് ഉദ്ഘാടന പരിപാടിയും മത്സരങ്ങളും വീക്ഷിക്കാൻ ഖത്തറിലേക്ക് പോകുന്ന യാത്രക്കാരെയും ഖത്തറിൽനിന്ന് സൗദി അറേബ്യ സന്ദർശിക്കാൻ എത്തുന്നവരെയും സ്വീകരിച്ച് എളുപ്പത്തിലും വേഗത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സൽവ പോസ്റ്റ് സജ്ജമാണ്. 
സൽവ പോസ്റ്റിൽ ജവാസാത്ത് കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചു. ഇവിടെ കൂടുതൽ ജവാസാത്ത് ഉദ്യോഗസ്ഥരെ നിയമിച്ചു. യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിലും കൃത്യതയോടെയും പൂർത്തിയാക്കാൻ സഹായിക്കുന്ന നൂതന സാങ്കേതിക ഉപകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സാധ്യമായത്ര കുറഞ്ഞ സമത്തിനുള്ളിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. 
നവംബർ ഒന്നു മുതൽ ഡിസംബർ 23 വരെയുള്ള കാലത്ത് സൗദി പൗരന്മാർക്ക് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഖത്തർ യാത്ര സാധ്യമാകില്ല. ഇക്കാലത്ത് ഖത്തർ യാത്രക്ക് മൂന്നു മാസത്തിൽ കുറയാത്ത കാലാവധിയുള്ള സൗദി പാസ്‌പോർട്ട് സ്വദേശികളുടെ കൈവശം ഉണ്ടായിരിക്കണം. യാത്രക്കാർ ഹയ്യാ കാർഡ് നേടുകയും മൂന്നു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിക്കുകയും വേണം. മറ്റു രാജ്യക്കാരുടെ പാസ്‌പോർട്ടുകളിൽ ആറു മാസത്തിൽ കുറയാത്ത കാലാവധിയുണ്ടാകണമെന്ന് വ്യവസ്ഥയുണ്ട്. സൽവ അതിർത്തി പോസ്റ്റ് വഴി ഖത്തറിലേക്ക് പോകാൻ ഗൾഫ് പൗരന്മാരുടെ പാസ്‌പോർട്ടുകൾ ഹയ്യാ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും മേജർ നാസിർ അൽഉതൈബി പറഞ്ഞു.

Latest News