തിരുവനന്തപുരം- ചരിത്രത്തിലാദ്യമായി കേരളത്തിൽ ഭിന്നലിംഗക്കാരായ രണ്ടു പേർ തമ്മിലുള്ള വിവാഹം നടന്നു. സാമുഹ്യ പ്രവർത്തകരായ ഇഷാനും സൂര്യയും കുടുംബങ്ങളുടേയും ബന്ധുക്കളുടേയും ആശീർവാദത്തോടെ മന്നം ഹാളിൽ നടന്ന ചടങ്ങിലാണ് വിവാഹിതരായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരും സാമൂഹ്യ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രനും ദമ്പതികളെ ആശീർവദിക്കാനെത്തി.
ആറു വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും സ്‌പെഷ്യൽ മാരേജ് നിയമ പ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്തത്. രണ്ടു വർഷം മുമ്പ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ 32കാരനായ ഇഷാൻ കഴിഞ്ഞ മാസമാണ് ടിവി അവതാരക കൂടിയായ സൂര്യയെ വിവാഹം ചെയ്യുന്ന കാര്യം അറിയിച്ചത്.
കേരളത്തിലെ ആദ്യ ഭിന്നലിംഗ വിവാഹം എന്നതിനു പുറമെ ഒരു മിശ്രവിവാഹം കൂടിയാണിത്. മുസ്ലിമായ ഇഷാനും ഹിന്ദു നായർ സമുദായത്തിൽപ്പെട്ട സൂര്യയും ഇരു കുടുംബങ്ങളുടേയും പൂർണ ആശീർവാദത്തോടെയാണ് വിവാഹിതരായത്. ഇന്ത്യയിലെ തന്നെ ആദ്യ ഭിന്നലിംഗ വിവാഹമാണിതെന്ന് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം പറഞ്ഞു. കേരളത്തിൽ ആദ്യമായി വോട്ടർ ഐഡി ലഭിച്ച ഭിന്നലിംഗക്കാരിയും സൂര്യയാണ്.