കോഴിക്കോട് - നിശ്ചയിച്ച സെമിനാറിൽനിന്ന് കോഴിക്കോട് ജില്ലാ യൂത്ത് കോൺഗ്രസും ഡി.സി.സിയും പിന്മാറിയെങ്കിലും കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി മുന്നോട്ടുതന്നെ. ഇന്ന് രാവിലെ കോഴിക്കോട്ടെത്തിയ അദ്ദേഹം സാഹിത്യകാരൻ എം.ടി വാസുദേവൻ നായരെ സന്ദർശിച്ച് മൂന്നുദിവസത്തെ മലബാർ പര്യടനത്തിന് തുടക്കം കുറിച്ചു.
വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു. 'എല്ലാം സ്‌പോർട്‌സ്മാൻ സ്പിരറ്റോടെ കാണുന്നു, രാഷ്ട്രീയത്തിലും അതുണ്ട്. ചുവപ്പ് കാർഡ് തരാൻ അമ്പയർ ഇറങ്ങിയിട്ടില്ല, എല്ലാ കളികളിലും സെന്റർ ഫോർവേഡായാണ് കളിക്കുന്നത്'- അദ്ദേഹം പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ താരപ്രചാരകരുടെ പട്ടികയിൽ ഇല്ലാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആരെക്കെയാണ് വേണ്ടെതെന്ന് നേതൃത്വമാണ് തീരുമാനിക്കുകയെന്നായിരുന്നു മറുപടി.
എംടി വാസുദേവന് നായരുമായി കുടംബബന്ധമുണ്ട്. ചെറുപ്പകാലം മുതലേ അറിയാം. അച്ഛനും അമ്മയുമായും അദ്ദേഹത്തിന് അടുത്ത പരിചയമുണ്ട്. യു.എൻ വിട്ട് കേരളത്തിലെത്തിയ ശേഷം ആദ്യ പൊതുപരിപാടി അദ്ദേഹം സംഘടിപ്പിച്ചതായിരുന്നു. തിരക്കുമൂലം ഏറെ നാളായി അദ്ദേഹത്ത കാണാനായില്ല. ഇന്നത്തെ സന്ദർശനത്തിന് ഔദ്യോഗിക പരിവേഷമില്ല. തികച്ചും വ്യക്തിപരമായ സന്ദർശനം മാത്രമാമെന്നും അദ്ദേഹം അറിയിച്ചു.