Sorry, you need to enable JavaScript to visit this website.

'തരൂരിന്റെ പര്യടനം വിഭാഗീയ പ്രവർത്തനമെന്ന ആശങ്ക വന്നു'; വിലക്കിൽ വിശദീകരണവുമായി ഡി.സി.സി

കോഴിക്കോട് - കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി പങ്കെടുക്കുന്ന സെമിനാറിന്‌ കോൺഗ്രസിൽ അപ്രഖ്യാപിത വിലക്കെന്ന വാർത്തകളിൽ വിശദീകരണവുമായി ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ രംഗത്ത്. ജില്ലയിലെ പര്യടനത്തെക്കുറിച്ച്‌ തരൂർ അറിയിച്ചിരുന്നില്ല. എം.കെ രാഘവൻ എം.പിയാണ് ജില്ലാ കമ്മിറ്റിയെ വിവരം അറിയിച്ചത്. തരൂരിന്റെ  പര്യടനം വിഭാഗീയ പ്രവർത്തനമാണന്ന നിലയിൽ വാർത്തകൾ വന്നു. അതാണ് പരിപാടിയിൽ നിന്ന് പിന്മാറാൻ യൂത്ത് കോൺഗ്രസിന് നിർദേശം നൽകിയത്. ചില കോൺഗ്രസ് നേതാക്കളും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു. തരൂർ ഡി.സി.സിയെ അറിയിച്ചിരുന്നെങ്കിൽ ഡി.സി.സി തന്നെ എല്ലാം ചെയ്യുമായിരുന്നുവെന്നും ഡി.സി.സി പ്രസിഡന്റ് വ്യക്തമാക്കി. കെ.പി.സി.സി മുൻ പ്രസിഡന്റ് കെ മുരളീധരന്റെ കൂടെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ശക്തനായി നിന്ന ആളാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ. 
  കോൺഗ്രസിന്റ സംഘടന സംവിധാനം അനുസരിച്ചല്ല തരൂർ പര്യടനം തയ്യാറാക്കിയതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹീനും വ്യക്തമാക്കി. ഡി.സി.സിയോട് ആലോചിച്ചാണ് പരിപാടിയിൽ നിന്നും പിന്മാറിയതെന്നും ഷഹീൻ അറിയിച്ചു.
 ഏത് കടലാസ് സംഘടനയും പരിപാടികൾ നടത്തുന്ന ഇക്കാലത്ത് ശശി തരൂരിനെ പോലൊരു മുതിർന്ന നേതാവിന്റെ പരിപാടിക്ക് കോൺഗ്രസ് നേതൃത്വത്തിൽനിന്ന് വിലക്കുണ്ടായത് പാർട്ടിക്കും മുന്നണിക്കും കടുത്ത നാണക്കേടാണുണ്ടാക്കിയിട്ടുള്ളത്. വിഷയം കൈക്കാര്യം ചെയ്തതിൽ നേതൃത്വത്തിന്റെ സൂക്ഷ്മതക്കുറവും പക്വതയില്ലായ്മയും പ്രകടമായെന്ന് ഒരു ഡി.സി.സി നേതാവ് പ്രതികരിച്ചു. എന്നാൽ അന്ധമായ ഗ്രൂപ്പ് ജ്വരവും മുതിർന്ന ചില നേതാക്കളുടെ ഗ്രൂപ്പ് താൽപര്യങ്ങളുമാണ് അനാവശ്യമായ വിവാദങ്ങളിലൂടെ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയതെന്ന് പാർട്ടി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സംഘപരിവാറിനെതിരെയുള്ള സെമിനാറിലാണ് ശശി തരൂർ ഇന്ന് കോഴിക്കോട്ട് പങ്കെടുക്കുക.

Latest News