റിയാദ്- ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിന് സാക്ഷിയാകാന്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തി. തായ്‌ലാന്റിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ദോഹയിലേക്ക് തിരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം എത്തിയതെന്ന് ഖത്തര്‍ അമീര്‍ കോര്‍ട്ട് അറിയിച്ചു. ഖത്തര്‍ ഡെപ്യൂട്ടി അമീര്‍ അബ്ദുല്ല ബിന്‍ ഹമദ് ആല്‍താനി കിരീടാവകാശിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ലോകകപ്പ് ഉദ്ഘാടനവേളയില്‍ സംബന്ധിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനി ക്ഷണിച്ചത് പ്രകാരമാണ് കിരീടാവകാശിയുടെ സന്ദര്‍ശനമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, സഹമന്ത്രിയും കാബിനറ്റ് അംഗവുമായ തുര്‍ക്കി ബിന്‍ മുഹമ്മദ് രാജകുമാരന്‍, ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍, നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍, സൗദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ഐബാന്‍, വാണിജ്യ മന്ത്രിയും വാര്‍ത്താവിതരണ മന്ത്രിയുമായ ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ഖസബി, നിക്ഷേപ മന്ത്രി എന്‍ജിനീയര്‍ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ഫാലിഹ്, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി, കിരീടാവകാശി സെക്രട്ടറി ഡോ. ബന്ദര്‍ ബിന്‍ ഉബൈദ് അല്‍റഷീദ് എന്നിവര്‍ കിരീടാവകാശിയോടൊപ്പമുണ്ട്.