കൊല്ലം-പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ ജാമ്യത്തിലിറങ്ങിയ യുവാവ് പതിനാലുകാരിയെ പീഡിപ്പിച്ചു. ഏനാദിമംഗലം ചാങ്കൂര്‍ സ്വദേശി പുനലൂര്‍ കരവാളൂര്‍ മാത്രനിരപ്പത്ത് ഹൗസിയ മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന അജിത്താണ് (21) പോക്സോ കേസില്‍ അറസ്റ്റിലായത്.
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബറിലാണ് സംഭവം. പതിനാലുകാരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇതു മൊബൈലില്‍ പകര്‍ത്തിയ ശേഷം ചിത്രവും മറ്റും മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു. 6 മാസം മുന്‍പാണ് ഇയാള്‍ മറ്റൊരു കേസില്‍ പിടിയിലാകുന്നത്. പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയിരുന്നതായും പോലീസ് പറഞ്ഞു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പതിനാലുകാരിയെ പീഡിപ്പിച്ചത്.