Sorry, you need to enable JavaScript to visit this website.

സ്ഥാനക്കയറ്റ സന്തോഷം വേണ്ട; അപേക്ഷ നിരസിച്ചതിനു പിന്നാലെ പ്രധാനാധ്യാപിക ജീവനൊടുക്കി

- സ്ഥാനക്കയറ്റം ലഭിച്ചതു മുതൽ അമ്മ കടുത്ത മാനസികസമ്മർദ്ദം അനുഭവിച്ചതായി മകൻ കാർത്തിക് രമേശ് പറഞ്ഞു. മാനുഷിക പരിഗണന നൽകി അപേക്ഷ അധികൃതർ അനുഭാവപൂർവ്വം പരിഗണിക്കേണ്ടിയിരുന്നുവെന്ന് വിവിധ അധ്യാപക സംഘടനകൾ.

കോട്ടയം - തന്റെ സ്ഥാനക്കയറ്റം റദ്ദാക്കണമെന്നും ജോലിഭാരം താങ്ങാൻ കഴിയുന്നില്ലെന്നുമുള്ള അപേക്ഷ വിദ്യാഭ്യാസ വകുപ്പ് തള്ളിയതോടെ പ്രധാനാധ്യാപിക ജീവനൊടുക്കി. വൈക്കം പോളശേരി ഗവൺമെൻറ് എൽ.പി സ്‌കൂളിലെ പ്രധാനാധ്യാപിക കെ ശ്രീജ(48)യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
 ജോലിഭാരം മൂലമുണ്ടായ മാനസിക സമ്മർദ്ദമാണ് ശ്രീജയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. വൈക്കം പോലീസ് ശ്രീജയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. നേരത്തെ വൈക്കം ഗവൺമെൻറ് ഗേൾസ് ഹൈസ്‌കൂളിലായിരുന്നു ശ്രീജ അധ്യാപികയായി ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ജൂൺ ഒന്നിനാണ് കീഴൂർ ജി.എൽ.പി സ്‌കൂളിൽ പ്രധാനാധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ചത്. ജോലിയിൽ പ്രവേശിച്ച് തൊട്ടടുത്ത ദിവസം തന്നെ ശ്രീജ ജോലിയിലെ സമ്മർദ്ദം മൂലം അവധിയിൽ പ്രവേശിച്ചിരുന്നു. 
 വൈക്കത്ത് തന്നെ അധ്യാപികയായി തന്നെ തിരികെ നിയമിക്കണമെന്നും ഭർത്താവിന് സുഖമില്ലെന്നും ചൂണ്ടിക്കാട്ടി ശ്രീജ വിദ്യാഭ്യാസമന്ത്രിക്ക് അടക്കം അപേക്ഷ നൽകിയിരുന്നു. എന്നാൽ അപേക്ഷ സ്വീകരിക്കാൻ കഴിയില്ലെന്ന് കുറവിലങ്ങാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീജക്ക് മറുപടി നൽകുകയായിരുന്നു. ആഗസ്റ്റിലാണ് പോളശ്ശേരിയിലേക്ക് ശ്രീജക്ക് സ്ഥലംമാറ്റം കിട്ടിയത്. വൈക്കം മുൻസിഫ് കോടതി ജീവനക്കാരനായ രമേശ് കുമാർ ആണ് ഭർത്താവ്. ശ്രീജയുടെ അപേക്ഷ വളരെ ഗൗരവമേറിയ വിഷയമാണെന്നും കടുത്ത സമ്മർദ്ദങ്ങളാണ് പ്രധാനാധ്യാപകർ അനുഭവിക്കുന്നതെന്നും ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും നീതി നിഷേധങ്ങളുമാണ് പല അധ്യാപകരും അനുഭവിക്കുന്നതെന്നും അനുഭവസ്ഥർ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ ബന്ധപ്പെട്ടവർ ഉണർന്നു പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാണ്. സ്ഥാനക്കയറ്റം ലഭിച്ചതു മുതൽ അമ്മ കടുത്ത മാനസികസമ്മർദ്ദം അനുഭവിച്ചതായി ഏക മകൻ കാർത്തിക് രമേശ് പറഞ്ഞു. പൂർണ മാനസികാരോഗ്യം വീണ്ടെടുക്കാൻ ഭാരിച്ച ചുമതലകളിൽനിന്ന് ഒഴിവാക്കിത്തരണമെന്ന് ഡോക്ടർമാർ നിർദേശിച്ചതനുസരിച്ച് അമ്മ ബന്ധപ്പെട്ടവരോട് നേരിട്ടും രേഖാമൂലവും കേണു പറഞ്ഞെങ്കിലും രക്ഷയുണ്ടായില്ല. ഇതിനെതിരെ നിയമനടപടി ആലോചിക്കുമെന്നും മകൻ അറിയിച്ചു.
 ശ്രീജയുടെ കാര്യത്തിൽ മാനുഷിക പരിഗണന നൽകി അപേക്ഷ അനുഭാവപൂർവ്വം പരിഗണിക്കേണ്ടിയിരുന്നുവെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ), കേരള ഗവൺമെന്റ് പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റേഴ്‌സ്‌ അസോസിയേഷൻ (കെ.ജി.പി.എസ്.എച്ച്.എ) എന്നി സംഘടനകളുടെ നേതാക്കൾ അഭിപ്രായപ്പെട്ടു. ഇത്തരം അപേക്ഷകൾ പരിഗണിച്ച് മുമ്പ് പത്തനംതിട്ടയിലും മലപ്പുറത്തും സ്ഥാനക്കയറ്റം റദ്ദാക്കിയ ചരിത്രമുണ്ടെന്നും അസോസിയേഷൻ വ്യക്തമാക്കുന്നു. പ്രൈമറി പ്രധാനാധ്യാപകർ വലിയ മാനസിക സമ്മർദ്ദത്തിലാണ് ജോലി ചെയ്യുന്നത്. വിദ്യാഭ്യാസ വകുപ്പ് മാത്രമല്ല, എല്ലാ ഡിപ്പാർട്ടുമെന്റുകളും പല കാര്യങ്ങളും അടിച്ചേൽപ്പിക്കുകയാണെന്നാണ് വിമർശം. ഉച്ചക്കഞ്ഞിക്കുള്ള എല്ലാ ബാധ്യതയും പ്രധാനാധ്യാപകരുടെ തലയിലാണ്. ഇതിനാകട്ടെ മതിയായ ഫണ്ട് അനുവദിക്കില്ലതാനും. ഒരു കുട്ടിക്ക് 15 വർഷം മുമ്പുള്ള എട്ടു രൂപയാണ് ഇപ്പോഴും സർക്കാർ നൽകുക. ഇതും നേരത്തെ അനുവദിക്കില്ല. പ്രധാനാധ്യാപകർ കയ്യിൽനിന്നെടുത്ത് തിരിച്ചുകിട്ടാൻ കുടിശ്ശികയായി മാസങ്ങൾ കാത്തിരിക്കണം. 
 അപ്പോഴും സർക്കാർ നൽകുന്ന എട്ടുരൂപയിൽ അധികം വരുന്ന തുകയെല്ലാം ഇവരുടെ ശമ്പളത്തിൽനിന്ന് നഷ്ടമാവുന്ന സ്ഥിതിയാണ്. ആ നിലയ്ക്ക് കടുത്ത സാമ്പത്തിക ബാധ്യതയും പേറണം. അതിനിടെ, ഉച്ചക്കഞ്ഞിക്കു പുറമെ പ്രഭാത ഭക്ഷണ നിർദേശവുമുണ്ട്. ഉച്ചക്കഞ്ഞിക്കു തന്നെ ഓരോ മാസവും അയ്യായിരം രൂപയ്ക്കു മുകളിലായി ഓരോ പ്രധാനാധ്യാപകനും കയ്യിൽനിന്ന് എടുക്കണം. ഇവരുടെ ശമ്പള സ്‌കെയിലിലും പല കാരണങ്ങളാൽ പ്രധാനാധ്യാപകർക്ക് നീതി ലഭിക്കാത്ത സ്ഥിതിയാണ്. പല അധ്യാപകരും സാധാ അധ്യാപകരുടെ ശമ്പള സ്‌കെയിലാണ് വാങ്ങുന്നതെങ്കിലും ജോലി പ്രധാനാധ്യാപകന്റേത് പേറണം. ഒപ്പം കീശയിൽനിന്ന് സ്‌കൂളിനായി പണവും ഇറക്കണം. സർക്കാർ സ്‌കൂളുകളിലെ പ്രധാനാധ്യാപകരാണ് ഈക്കാര്യങ്ങളിൽ കൂടുതൽ തീ തിന്നാൻ നിർബന്ധിതരാവുന്നത്. ഗവൺമെന്റ് സ്‌കൂളുകളിൽ ഒന്നര വർഷത്തിലേറെയായി പുതുതായി പ്രധാനാധ്യാപകരായി നിയമിക്കപ്പെട്ടവർക്ക് പ്രസ്തുത ആനുകൂല്യം ലഭിക്കുന്നില്ല. ഇതിൽ കോടതിയിൽനിന്ന് അനുകൂല നടപടി പ്രതീക്ഷിച്ചിരിക്കുകയാണ് ഇവർ. 
 ചെലവാക്കിയ തുക തന്നെയും തിരികെ ലഭിക്കാൻ ചുരുങ്ങിയത് രണ്ടുമാസമെങ്കിലും കാലതാമസമുണ്ടാവും. അതിനിടെ, മേലധികാരികളിൽനിന്നും മറ്റുമുള്ള കടുത്ത സമ്മർദ്ദങ്ങളും അതീജീവിക്കണമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളൊന്നും പരിഗണിച്ച് ശാസ്ത്രീയവും മനശ്ശാസ്ത്രപരവും പ്രായോഗികവുമായ നടപടികൾ പലപ്പോഴും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. എല്ലാറ്റിലും രാഷ്ട്രീയം കണ്ട് ന്യായമായ ആവശ്യങ്ങളെ പോലും അവഗണിക്കുന്ന സ്ഥിതിയാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തിൽ സർക്കാറിൽനിന്ന് പോസിറ്റീവായി അടിയന്തര നടപടി ഉണ്ടാകണമെന്ന് ഇവർ ഓർമിപ്പിക്കുന്നു.

Latest News